ചൈനീസ് സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് ടെക്‌നോയുടെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റ് ടെക്‌നോ സ്പാര്‍ക് 8 സി ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ ടെക്നോ ഹാന്‍ഡ്സെറ്റ് നാല് വ്യത്യസ്ത കളര്‍ ഓപ്ഷനുകളിലാണ് വരുന്നത്. കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അടിസ്ഥാനമാക്കിയുള്ള ഡ്യുവല്‍ റിയര്‍ ക്യാമറകള്‍, 13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറുമാണ് പ്രധാന ഫീച്ചറുകള്‍.
ടെക്‌നോ സ്പാര്‍ക് 8 സിയുടെ 3 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ ഇന്ത്യയിലെ വില 7,499 രൂപയാണ്. കമ്പനി പറയുന്നതനുസരിച്ച് ഇതൊരു ലോഞ്ച് ഓഫര്‍ വിലയാണ്. ഈ കാലയളവ് എത്രത്തോളം നീണ്ടുനില്‍ക്കുമെന്ന് ഇതുവരെ കമ്പനി അറിയിച്ചിട്ടില്ല. ഡയമണ്ട് ഗ്രേ, ഐറിസ് പര്‍പ്പിള്‍, മാഗ്‌നെറ്റ് ബ്ലാക്ക്, ടര്‍ക്കോയിസ് സിയാന്‍ കളര്‍ ഓപ്ഷനുകളില്‍ വരുന്ന ഫോണ്‍ ഫെബ്രുവരി 24 മുതല്‍ ആമസോണ്‍ വഴി വില്‍പനയ്ക്കെത്തും.
ഡ്യുവല്‍ സിം (നാനോ) സ്ലോട്ടുള്ള ടെക്‌നോ സ്പാര്‍ക് 8 സി ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള HiOS v7.6 ലാണ് പ്രവര്‍ത്തിക്കുന്നത്. 480 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്, 90Hz റിഫ്രഷ് റേറ്റ്, 180Hz ടച്ച് സാംപ്ലിങ് റേറ്റ് എന്നിവയുള്ള 6.6 ഇഞ്ച് എച്ച്ഡി+ ഡോട്ട് നോച്ച് ഡിസ്പ്ലേ ഇതിന്റെ സവിശേഷതയാണ്. ഡിസ്പ്ലേയ്ക്ക് 89.3 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതവും 262ppi പിക്സല്‍ സാന്ദ്രതയുമുണ്ട്. 3 ജിബി റാമിനൊപ്പം ഒക്ടാ കോര്‍ യുണിസോക്ക് ടി606 പ്രോസസര്‍ ആണ് ഫോണിന് കരുത്ത് പകരുന്നത്. ടെക്‌നോ സ്പാര്‍ക് 8 സി ഒരു മെമ്മറി ഫ്യൂഷന്‍ വെര്‍ച്വല്‍ റാം ഫീച്ചറും നല്‍കുന്നു. ഇത് ഫോണിന്റെ റാം 3ജിബി വര്‍ധിപ്പിക്കുകയും മൊത്തത്തില്‍ 6 ജിബി വരെ ഉപയോഗിക്കാനും സാധിക്കും.