മോഹന്‍ലാല്‍ ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക്: സംസ്ഥാന സര്‍ക്കാരിനു 35 കോടി നികുതി വരുമാനം

0 second read
0
0

ഒടിടി (ഓവര്‍ ദ് ടോപ്) മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യാനിരുന്ന ‘മോഹന്‍ലാല്‍ പാക്കേജ്’ സിനിമകള്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ കളമൊരുങ്ങിയതോടെ സംസ്ഥാന സര്‍ക്കാരിനു വിനോദ നികുതി ഇനത്തില്‍ ലഭിക്കുക ഏകദേശം 35 കോടി രൂപ. ഇതിനു പുറമേ, സാംസ്‌കാരിക ക്ഷേമനിധി വിഹിതമായി 15 കോടിയോളം രൂപയും ഖജനാവിലെത്തും.

ടിക്കറ്റ് ഒന്നിനു 3 രൂപയാണു ക്ഷേമനിധിയിലേക്കു നല്‍കേണ്ടത്. ഈ ചിത്രങ്ങള്‍ ചേര്‍ന്നു ചുരുങ്ങിയത് 350 – 375 കോടി രൂപ കലക്ഷന്‍ നേടാന്‍ സാധ്യതയുണ്ടെന്നാണു പ്രാഥമിക വിലയിരുത്തല്‍. ചിത്രങ്ങള്‍ വന്‍ വിജയമായാല്‍ സര്‍ക്കാരിനു ലഭിക്കുന്ന വരുമാനവും ആനുപാതികമായി ഉയരും. തിയറ്ററുകളിലെ ആളിരമ്പം അനുബന്ധ മേഖലകള്‍ക്കും സാമ്പത്തിക ഉണര്‍വു നല്‍കും.

മോഹന്‍ലാല്‍ നായകനായ 5 സിനിമകളാണ് ഒടിടി റിലീസിന് ആലോചിച്ചിരുന്നത്. പ്രിയദര്‍ശന്റെ ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’, പ്രിയദര്‍ശന്റെ തന്നെ ‘ബോക്‌സര്‍’, പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’, ജീത്തു ജോസഫ് ഒരുക്കിയ ‘ട്വല്‍ത് മാന്‍’, ഷാജി കൈലാസിന്റെ ‘എലോണ്‍’ എന്നിവ. എന്നാല്‍, സര്‍ക്കാരുമായുള്ള ചര്‍ച്ചകളെ തുടര്‍ന്നാണ് ഒടിടി തീരുമാനം മാറ്റിയതും തിയറ്ററുകളില്‍ തന്ന റിലീസ് ചെയ്യാനും വഴി തെളിഞ്ഞത്. ‘മരക്കാര്‍’ ഡിസംബര്‍ രണ്ടിനു തിയറ്ററുകളിലെത്തുമെന്നു പ്രഖ്യാപനം വന്നു.

കോവിഡ് സ്ഥിതി കൂടി പരിഗണിച്ചു തിയറ്ററുകളില്‍ കാണികളുടെ പ്രവേശനം സംബന്ധിച്ച നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവ് അനുവദിക്കുമെന്നാണു സൂചനകള്‍. നിലവില്‍, പകുതി സീറ്റുകളില്‍ മാത്രമാണു പ്രവേശനം. ഏറെ വൈകാതെ 75 % സീറ്റുകളില്‍ പ്രവേശനം അനുവദിച്ചേക്കും. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ ഇന്നലെ റിലീസ് ചെയ്തതോടെ ഉണര്‍വു ലഭിച്ച തിയറ്ററുകളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ കാണികളെ അനുവദിക്കുന്നതു വലിയ നേട്ടമാകും.

 

Load More Related Articles
Load More By Editor
Load More In Showbiz

Leave a Reply

Your email address will not be published. Required fields are marked *

Check Also

മോഷ്ടിച്ച വാഹനത്തിലെത്തി ബൈക്ക് മോഷണം :പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈപ്പിന്‍: മോഷ്ടിച്ച ഇരുചക്രവാഹനത്തിലെത്തി മറ്റൊരു ബൈക്ക് മോഷ്ടിച്ച കേസില്‍ പ്രായപൂര്‍ത്തി…