ന്യൂഡല്‍ഹി: കോവിഡ് ഭീതി അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനയില്‍ പടരുന്ന കോവിഡിന്റെ പുതിയ വകഭേദം ബിഎഫ് .7 ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കി.
കോവിഡ് വ്യാപനത്തില്‍ ജാഗ്രത പുലര്‍ത്തണം. മാസ്‌ക് ഉപയോഗിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കണം. പ്രായമായവരും മറ്റും കരുതല്‍ ഡോസ് എടുക്കണം. സംസ്ഥാനങ്ങള്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. വാക്‌സീനുകളും മരുന്നുകളും ആശുപത്രികളില്‍ ഉറപ്പുവരുത്തണം. രാജ്യാന്തര വിമാനത്താവളങ്ങളിലെ നിരീക്ഷണം ശക്തമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍, മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന് യോഗത്തില്‍ തീരുമാനമെടുത്തില്ല.
ചൈനയില്‍ പടരുന്ന ബിഎഫ് 7 വകഭേദമാണ് ഗുജറാത്തിലും ഒഡിഷയിലും സ്ഥിരീകരിച്ചത്. ജൂലൈ, സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളിലായാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഗുജറാത്തിലെ രോഗികള്‍ സുഖം പ്രാപിച്ചുവെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ രാജ്യത്ത് 10 കോവിഡ് വകഭേദങ്ങളാണുള്ളത്.
ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രി മനസുഖ് മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരുന്നു. പൊതുസ്ഥലങ്ങില്‍ മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി. വിദേശത്തുനിന്നു വരുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധ ഇന്നലെമുതല്‍ തുടങ്ങിയിരുന്നു.
ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. വീട്ടിലിരുന്നുള്ള ചികിത്സകൊണ്ടു തന്നെ രോഗം ഭേദമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒമിക്രോണിന്റെ വകഭേദമായ ബിഎഫ്7 അപകടകാരിയല്ലെന്നാണ് പറയുന്നതെങ്കിലും കുറഞ്ഞ സമയത്തില്‍ കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാന്‍ കാരണമാകും. രോഗമുക്തി നിരക്ക് കൂടുതലാണ്. എന്നാല്‍ രോഗവ്യാപനം മുന്‍പത്തെ വകഭേദങ്ങളേക്കാള്‍ കൂടുതലാണെങ്കില്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍.