ലഖ്നൗ: വനിതാക്ഷേമത്തിനായുള്ള തന്റെ സര്‍ക്കാരിന്റെ സംഭാവനകള്‍ ഉയര്‍ത്തിക്കാണിച്ചും സ്ത്രീകളുടെ വിവാഹപ്രായം 21-ആക്കി ഉയര്‍ത്തുന്നതിനെ ന്യായീകരിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍ പ്രദേശിലെ പ്രയാഗ്രാജില്‍ സര്‍ക്കാര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുലക്ഷത്തിലധികം വനിതകള്‍ ഈ പരിപാടിയില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.
കേന്ദ്രസര്‍ക്കാരിന്റേത് നിര്‍ണായക ചുവടുവെപ്പാണ്. മുന്‍പ് സ്ത്രീകളുടെ വിവാഹപ്രായം 18 വയസ്സായിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് പഠനത്തിന് കൂടുതല്‍ സമയം ആവശ്യമുണ്ട്. അതിനാലാണ് ഞങ്ങള്‍ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത്,മോദി പറഞ്ഞു. വിവാഹപ്രായം ഉയര്‍ത്തുന്നതിനെ ചിലര്‍ എതിര്‍ക്കുന്നത് സ്ത്രീകള്‍ കാണുന്നുണ്ടെന്നും ഒരു പാര്‍ട്ടിയുടെയും പേരു പരാമര്‍ശിക്കാതെ മോദി കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ, പ്രതിപക്ഷ എതിര്‍പ്പിനിടെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്നതിനുള്ള വിവാഹപ്രായ ഏകീകരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ആരുമായും കൂടിയാലോചിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നും സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച വേണം എന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം ബില്‍ കീറിയെറിഞ്ഞു.