പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷേധക്കാര്‍ റോഡ് തടഞ്ഞതിനെ തുടര്‍ന്ന് മേല്‍പ്പാലത്തില്‍ 20 മിനിറ്റ് കുടുങ്ങി

36 second read
0
0

ന്യൂഡല്‍ഹി: പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷേധക്കാര്‍ റോഡ് തടഞ്ഞതിനെ തുടര്‍ന്ന് മേല്‍പ്പാലത്തില്‍ 20 മിനിറ്റ് കുടുങ്ങി. ഇതോടെ ഫിറോസ്പുരിലെ റാലി റദ്ദാക്കി. കര്‍ഷകര്‍ റോഡ് ഉപരോധിച്ചതു കാരണം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഭെയ്‌സിയാന വ്യോമതാവളത്തിലേക്കു മടങ്ങി. വന്‍ സുരക്ഷാ വീഴ്ചയാണ് പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിഷയം അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യും.

ഹുസൈനിവാലയിലെ ദേശീയസ്മാരകം സന്ദര്‍ശിക്കാനാണ് പ്രധാനമന്ത്രി ഭത്തിന്ദയിലെത്തിയത്. ഹെലികോപ്റ്ററില്‍ സ്ഥലത്തേക്കു പോകാനായിരുന്നു പരിപാടി. എന്നാല്‍ മഴയെ തുടര്‍ന്ന് 20 മിനിറ്റോളം കാത്തിരുന്നു. കാലാവസ്ഥ മെച്ചപ്പെടാതിരുന്നതോടെ റോഡ് മാര്‍ഗം പോകാന്‍ തീരുമാനിക്കുകയായിരുന്നു. പഞ്ചാബ് ഡിജിപി ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ സജ്ജമാക്കിയെന്ന് അറിയിച്ചതിനു ശേഷമാണ് യാത്ര തിരിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

എന്നാല്‍ ദേശീയസ്മാരകത്തില്‍നിന്ന് 30 കിലോമീറ്റര്‍ ദൂരത്തിലുള്ള മേല്‍പ്പാലത്തില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം എത്തിയപ്പോള്‍ റോഡ് പ്രതിഷേധക്കാര്‍ തടഞ്ഞതായി അറിയുകയായിരുന്നു. 20 മിനിറ്റോളം പ്രധാനമന്ത്രി മേല്‍പ്പാലത്തില്‍ കുടുങ്ങി.

പ്രധാനമന്ത്രിയുടെ യാത്രാപരിപാടികള്‍ കൃത്യമായി സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും ആഭ്യന്തരമന്ത്രാലയം പറഞ്ഞു. കൂടുതല്‍ സുരക്ഷാസന്നാഹം സജ്ജമാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമായിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നും ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തി. പഞ്ചാബ് സര്‍ക്കാരില്‍നിന്ന് മന്ത്രാലയം വിശദമായ റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.

പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ പോകുമെന്നാണ് അറിയിപ്പുണ്ടായിരുന്നതെന്നും റോഡുമാര്‍ഗമുള്ള യാത്ര പിന്നീട് അറിയിച്ചതാണെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി പറഞ്ഞു. സുരക്ഷാ വീഴ്ചയുണ്ടായില്ല. യോഗസ്ഥലത്ത് 70,000 കസേരയിട്ടിരുന്നെങ്കിലും 700 പേരോളമാണു വന്നതെന്നും റാലി റദ്ദാക്കാന്‍ ഇതാണു കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ പഞ്ചാബില്‍ ബിജെപിയുടെ ഒരു റാലിയും അനുവദിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ഏക്ത ഉഗ്രഹന്‍) അറിയിച്ചു. ഫിറോസ്പുരില്‍ 3 ആശുപത്രികളടക്കം 42,000 കോടിയുടെ വികസന പദ്ധതികള്‍ക്കാണ് മോദി തുടക്കമിടേണ്ടിയിരുന്നത്.

 

Load More Related Articles
Load More By Editor
Load More In National

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…