ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച വൈകിട്ടു ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ജില്ലാ തലത്തില്‍ ആരോഗ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. കൗമാരക്കാരില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
പ്രതിദിന കോവിഡ് കേസുകള്‍ 1.6 ലക്ഷത്തിന് അടുത്തെത്തിയതോടെയാണ് പ്രധാനമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, ആഭ്യന്തര സെക്രട്ടറി അജസ് കുമാര്‍ ഭല്ല, കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ ഡിസംബര്‍ 24നും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കോവിഡ് അവലോകന യോഗം ചേര്‍ന്നിരുന്നു. കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ജാഗരൂകരാകണമെന്ന് അന്ന് ഉദ്യോഗസ്ഥര്‍ക്ക് മോദി നിര്‍ദേശം നല്‍കി. കോവിഡ് വ്യാപനത്തിനെതിരെയുള്ള പോരാട്ടം തുടരണമെന്നും പറഞ്ഞിരുന്നു.