ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പുര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ സര്‍ട്ടിഫിക്കറ്റില്‍നിന്നാണ് ചിത്രം ഒഴിവാക്കുക. ഈ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണിത്.
വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്നു മോദിയുടെ ചിത്രം മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ കോവിന്‍ ആപ്പ് വഴി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്വീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 2021 മാര്‍ച്ചില്‍ കേരളം ഉള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നപ്പോഴും ആരോഗ്യ മന്ത്രാലയം ഇത്തരത്തില്‍ നടപടി സ്വീകരിച്ചിരുന്നു.
ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് ഏഴു വരെ വിവിധ ഘട്ടങ്ങളായാണ് അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് പത്തിനാണ് എല്ലായിടത്തും വോട്ടെണ്ണല്‍.