ന്യൂഡല്‍ഹി: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയില്‍ സുരക്ഷാ വീഴ്ച ഉണ്ടായ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിക്കാണ് രൂപം നല്‍കിയത്. ചണ്ഡിഗഡ് ഡിജിപി, എന്‍ഐഎ ഐജി, ഹൈക്കോടതി റജിസ്ട്രാര്‍ ജനറല്‍, ഐബി അഡീഷനല്‍ ഡിജി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
കേസില്‍ ഇന്ന് വാദം പുനരാരംഭിച്ച കോടതി സ്വതന്ത്ര അന്വേഷണ സമിതിയെ നിയോഗിക്കുകയായിരുന്നു. ജസ്റ്റിസ് എന്‍.വി.രമണ, ജസ്റ്റിസ് സൂര്യകാന്ത്, ഹിമ കോലി എന്നിവര്‍ അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്.
വെള്ളിയാഴ്ച ഇതു സംബന്ധിച്ച് വാദം കേട്ട കോടതി അന്വേഷണം തിങ്കളാഴ്ച (ഇന്ന്) വരെ മരവിപ്പിച്ചിരുന്നു. സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ഹര്‍ജിയിലാണ് വാദം കേട്ടത്. സംസ്ഥാനവും കേന്ദ്രവും പ്രധാനമന്ത്രിയുടെ യാത്രാവിവരങ്ങള്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതി റജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്നും വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
ജനുവരി 5ന് പഞ്ചാബില്‍ റാലിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫിറോസ്പുരില്‍ റോഡ് ഉപരോധത്തെത്തുടര്‍ന്ന് 20 മിനിറ്റോളം ഒരു മേല്‍പാലത്തില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് റാലി റദ്ദാക്കി മോദി ഡല്‍ഹിയിലേക്ക് മടങ്ങി. സംഭവം അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പഞ്ചാബ് സര്‍ക്കാരും വെവ്വേറെ സമിതിയെ നിയോഗിച്ചിരുന്നു.