കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നെടുമ്പാശേരി വിമാനത്താവള പരിസരത്ത് ബിജെപിയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി മലയാളത്തിലാണ് പ്രസംഗം തുടങ്ങിയത്. എല്ലാവര്‍ക്കും അദ്ദേഹം ഓണാശംസകള്‍ നേര്‍ന്നു.
”ഓണത്തിന്റെ അവസരത്തില്‍ എത്തിച്ചേരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം. എല്ലാവര്‍ക്കും ഓണാശംസകള്‍. കേരളം മനോഹര നാടാണ്. സാംസ്‌കാരിക ഭംഗിയും പ്രകൃതി ഭംഗിയും കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം.
ഒരു ലക്ഷം കോടിയുടെ പദ്ധതികള്‍ കേരളത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പാക്കി. ദരിദ്രരുടെയും ദളിതരുടെയും ഉന്നമനമാണ് ലക്ഷ്യം. കേരളത്തില്‍ ഒരു ലക്ഷം കോടിയുടെ അടിസ്ഥാന വികസന പദ്ധതി നടപ്പാക്കി. പിഎംഎവൈ (പ്രധാനമന്ത്രി ആവാസ് യോജന) പദ്ധതി പ്രകാരം കേരളത്തില്‍ രണ്ടു ലക്ഷത്തിലധികം വീടുകള്‍ക്ക് അനുമതി നല്‍കി. ഒരു ലക്ഷം വീടുകള്‍ ഇതിനകം പൂര്‍ത്തിയാക്കി.
ബിജെപിയുടെ സംസ്ഥാന സര്‍ക്കാരുകള്‍ ഉള്ളിടത്ത് വികസനം വേഗത്തില്‍ നടപ്പാകും. അത്തരം സംസ്ഥാനങ്ങളില്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാരാണ് പ്രവര്‍ത്തിക്കുന്നത്.” – മോദി പറഞ്ഞു.
ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മിത വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിക്കുന്ന പ്രധാനമന്ത്രി കൊച്ചി മെട്രോയുടെയും ദക്ഷിണ റെയില്‍വേയുടെയും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിക്കും.
ബിജെപിയുടെ പരിപാടിക്കുശേഷം വൈകിട്ട് 6 മണിക്ക് നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം, ശിലാസ്ഥാപനം തുടങ്ങിയവ നിര്‍വഹിക്കും. കൊച്ചി മെട്രോയുടെ എസ്എന്‍ ജംക്ഷന്‍ മുതല്‍ വടക്കേക്കോട്ട വരെയുള്ള ഘട്ടത്തിന്റെ (ഫേസ് 1എ) ഉദ്ഘാടനം, കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടം ശിലാന്യാസം, റെയില്‍വേയുടെ കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം ഇരട്ടപ്പാത ഉദ്ഘാടനം, കൊല്ലം-പുനലൂര്‍ സിംഗിള്‍ ലൈന്‍ വൈദ്യുതീകരണ ഉദ്ഘാടനം, സ്‌പെഷല്‍ ട്രെയിന്‍ ഫ്‌ലാഗ് ഓഫ്, എറണാകുളം സൗത്ത്, നോര്‍ത്ത്, കൊല്ലം സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികളുടെ ശിലാസ്ഥാപനം എന്നിവയാണു പ്രധാനമന്ത്രി നിര്‍വഹിക്കുന്നത്.