ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയം തമിഴ്നാട്ടില്‍ കൊടുമ്ബിരി കൊണ്ടിരിക്കെ സമരസമിതി നേതാവ് അന്‍വര്‍ ബാലശിങ്കം വാഗമണ്ണില്‍ രഹസ്യ സന്ദര്‍ശനം നടത്തിയതായി വിവരം. തമിഴ് വിഭാഗം ഏറെയുള്ള നോര്‍ത് ഡിവിഷന്, കണ്ണംങ്കുളം ഡിവിഷന്, കോട്ടമല, വാഗമണ്‍, പഴയകാട്, പുതുക്കാട് എന്നിവിടങ്ങളില്‍ തമിഴ് തൊഴിലാളികള്‍ താമസിക്കുന്ന ലായങ്ങളിലാണ് ബാലശിങ്കം എത്തിയതെന്നാണ് റിപ്പോര്‍കള്‍.
കഴിഞ്ഞ ഞായറാഴ്ച രാവിലെ 10 ന് കുമളി വഴി കാറില്‍ വാഗമണ്ണില്‍ എത്തിയെന്നും രാത്രി ഏറെ വൈകിയാണ് മടങ്ങിയതെന്നും തോട്ടങ്ങളിലെ ലായങ്ങള്‍ സന്ദര്‍ശിക്കുകയും ഭക്ഷ്യ കിറ്റുകളും പണവും നല്‍കിയെന്നുമാണ് അറിയുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരെ ശക്തമായ സമരം നടത്താന്‍ ബാലശിങ്കത്തിന്റെ നേതൃത്വത്തില്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് വിവരം. ഇതിന് മുന്നോടിയായി തമിഴ്നാട്ടിലെ കമ്പത്ത് അഞ്ച് ജില്ലകളില്‍ നിന്നുള്ള കര്‍ഷകരുടെ സംഗമവും നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് കേരളത്തിലെ തോട്ടം മേഖലയില്‍ സന്ദര്‍ശനം നടത്തിയെന്ന വിവരം പുറത്തുവരുന്നത്. തീവ്ര തമിഴ് നിലപാടുള്ളയാളാണ് അന്‍വര്‍ ബാലശിങ്കം. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നേരത്തെ തന്നെ മൂന്നാര്‍, വാഗമണ്‍ അടക്കമുള്ള തോട്ടം മേഖലകളില്‍ രഹസ്യവും പരസ്യവുമായി പ്രവര്‍ത്തിച്ചു വന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നാറിലെ പൊമ്പിളെ ഒരുമൈ സമരത്തിന് നേതൃത്വം നല്കിയതും കേരള വിരുദ്ധ നിലപാടുകള്‍ പ്രഖ്യാപിക്കുകയും ചെയ്തതിലൂടെയാണ് ബാലശിങ്കം ശ്രദ്ധേയനായത്. ഇയാള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.