
സിനിമാപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘മിന്നല്‍ മുരളി’ വേള്‍ഡ് പ്രിമിയര്‍ മുംബൈയില്‍ നടന്നു. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ചായിരുന്നു ഈ പ്രത്യേക പ്രദര്‍ശനം. സിനിമ കണ്ടിറങ്ങിയ ആസ്വാദകരില്‍നിന്നു ഗംഭീര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. മലയാളത്തിന് അഭിമാനം സമ്മാനിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളിയെന്ന് നിരൂപകര്‍ ഒന്നടങ്കം പറയുന്നു.
‘പ്രതീക്ഷിച്ചതുപോലെ തന്നെ, ബേസില്‍ സിനിമാറ്റിക് യൂണിവേഴ്‌സിന് യോജിക്കുന്ന ഫ്രണ്ട്ലിയായ ഒരു അയല്‍പക്ക സൂപ്പര്‍ഹീറോയാണ് മിന്നല്‍ മുരളി. ആക്ഷനും വിഎഫ്എക്സുമെല്ലാം മികച്ച രീതിയില്‍ ചെയ്തിട്ടുള്ള ഒരു ലളിതമായ സിനിമ.’ -ജിയോ മാമി ഫെസ്റ്റിവലില്‍ പ്രീമിയര്‍ കണ്ട വിവേക് എന്ന പ്രേക്ഷകന്‍ ട്വീറ്റ് ചെയ്യുന്നു.
ക്ലൈമാക്‌സ് ഫൈറ്റ് അത്യുഗ്രന്‍, മറ്റൊരു ഇന്ത്യന്‍ സിനിമയിലും ഇത് കണ്ടിട്ടില്ല, സൂപ്പര്‍ സിനിമ, മോളിവുഡിന് അന്യമായിരുന്ന ജോണറിനെ ബേസില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്നു, മോളിവുഡിന് പുതിയൊരു അനുഭവമാണ് മിന്നല്‍ മുരളി, ടൊവിനോ തന്റെ കഥാപാത്രത്തെ നല്ലരീതിയില്‍ അവതരിപ്പിച്ചു, അതുപോലെ തന്നെ മറ്റുള്ളവരും, സാങ്കേതികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ സിനിമ, സാങ്കേതികമായും ബുദ്ധിപരമായും ഇത് മോളിവുഡിന്റെ അഭിമാനമായി മാറും എന്നിങ്ങനെ പോകുന്നു പ്രേക്ഷക പ്രതികരങ്ങള്‍.