ആലപ്പുഴ: രാഷ്ട്രീയം അവിടെ നില്‍ക്കട്ടെ. നമുക്ക് നാടു നടുക്കിയ രണ്ടു കൊലപാതകങ്ങളെ കുറിച്ച് പറയാം. നഷ്ടമായത് രണ്ടു ജീവനാണ്. നേട്ടമുണ്ടാക്കിയത് രാഷ്ട്രീയ പാര്‍ട്ടികളും. കൊന്നതാരെന്ന് ഇനിയും വ്യക്തമല്ല. മരിച്ചു പോയവന്റെ കുടുംബ സ്ഥിതി തിരയുന്നതിന് പകരം ആരോപണ-പ്രത്യാരോപണങ്ങളും രാഷ്ട്രീയ മുതലെടുപ്പുമായും മുന്നോട്ടു നീങ്ങുകയാണ് ചോര കണ്ടു മതിവരാത്ത് നേതാക്കള്‍.
വീടണയുന്നതിന് ഒന്നര കിലോമീറ്റര്‍ മാത്രം ശേഷിക്കുമ്പോഴാണ് എസ്ഡിപിഐ യുവനേതാവ് കെഎസ് ഷാന്‍ അക്രമി സംഘത്തിന്റെ വെട്ടേറ്റു വീണത്. മൂന്നു മണിക്കൂറിന് ശേഷം ആ ചെറുപ്പക്കാരന്‍ ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങുമ്പോള്‍ അനാഥരായത് പതിനൊന്നും ആറും വയസുളള രണ്ടു പെണ്‍മക്കളാണ്. ചെറുപ്രായത്തില്‍ തന്നെ രാഷ്ട്രീയ രംഗത്ത് വളര്‍ച്ചയുടെ പടവുകള്‍ കയറിയായിരുന്നു ഷാന്റെ വരവ്. നാട്ടുകാര്‍ക്ക് ഈ യുവാവിനെ കുറിച്ച് നല്ലതേ പറയാനുള്ളു.
മണ്ണഞ്ചേരി പുന്നാട് ഐഷാ മന്‍സിലില്‍ സലീമിന്റെ മകനാണ് കെ എസ് ഷാന്‍ (39). ഇന്നലെ രാത്രി 7.30ന് മണ്ണഞ്ചേരി കപ്പേടത്തു വച്ചാണ് ആക്രമണമുണ്ടായത്. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ ജനറല്‍ സെക്രട്ടറി, എസ്ഡിപിഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാന സെക്രട്ടറിയാണ്. കഴിഞ്ഞ ടേമിലും സംസ്ഥാന സെക്രട്ടറിയായിരുന്നു. ആലപ്പുഴ നിയമസഭ, ലോക്‌സഭാ മണ്ഡലങ്ങളില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി ഷാന്‍ മല്‍സരിച്ചിട്ടുണ്ട്. അമ്പനാംകുളങ്ങര മഹല്ല് കമ്മിറ്റി അക്കൗണ്ടന്റ് ഓര്‍ഗനൈസറായും സേവനം അനുഷ്ടിച്ചു. മാതാവ്: റഹ്മ. ഭാര്യ: ഫന്‍സില. മക്കള്‍: ഷിബ ഫാത്തിമ (11), ലിയ ഫാത്തിമ (6).
വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയാണ് ഷാനെ വകവരുത്തിയതെന്ന് എസ്ഡിപിഐയുടെ സംസ്ഥാന നേതാക്കള്‍ ആരോപിക്കുന്നു. വത്സന്‍ ആലപ്പുഴയില്‍ വന്ന് മടങ്ങിയതിന് ശേഷമാണ് കൊലപാതകം നടന്നിട്ടുള്ളതെന്നും അവര്‍ പറയുന്നു.
ആലപ്പുഴ ജില്ലയിലെ ബിജെപിയുടെ സൗമ്യമുഖമായിരുന്നു ഇന്ന് രാവിലെ ക്രൂരമായി കൊല ചെയ്യപ്പെട്ട അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍. ആലപ്പുഴയുടെ തീരദേശ മേഖലയില്‍ നിന്ന് ധീവര സമുദായത്തിന്റെ ശബ്ദമായി ബിജെപിയുടെ നേതൃനിരയിലേക്ക് എത്തിയയാള്‍. സൗമ്യമായ മുഖത്തോടെ പ്രശ്‌നങ്ങളെ നോക്കിക്കണ്ടിരുന്ന യുവാവ്.
പാര്‍ട്ടിയുടെ ജില്ലാ നേതൃത്വ പദവിയില്‍ നിന്ന് ഓബിസി മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് എത്തിയത് ഇക്കഴിഞ്ഞ പുനഃസംഘടനയിലൂടെയാണ്. ഇന്ന് രാവിലെ 11 ന് എറണാകുളത്ത് പുനഃസംഘടിപ്പിക്കപ്പെട്ട ഓബിസി മോര്‍ച്ച സംസ്ഥാന കമ്മറ്റിയുടെ ആദ്യ യോഗത്തിന് പോകാനുള്ള തയാറെടുപ്പിലായിരുന്നു രഞ്ജിത്ത്. മകനെ വീടിന് അടുത്തു തന്നെ ട്യൂഷന്‍ പഠിക്കാന്‍ കൊണ്ടു വിട്ട ശേഷം എറണാകുളത്ത് പോകാന്‍ തയാറെടുക്കുമ്പോഴാണ് അക്രമി സംഘം എത്തിയത്. ഇറച്ചിക്കഷണം കൊത്തിയരിയുന്ന പോലെയാണ് രഞ്ജിത്തിനെ സംഘം ആക്രമിച്ചത്.
മുഖം വെട്ടി വികൃതമാക്കിയെന്ന് രഞ്ജിത്തിന്റെ സുഹൃത്തായ ബിജെപി നേതാവ് പറഞ്ഞു. എസ്ഡിപിഐക്ക് സ്വാധീനമുള്ള മേഖലയിലാണ് രഞ്ജിത്തിന്റെ വീട്. രാഷ്ട്രീയ പരമായോ തൊഴില്‍ പരമായോ ശത്രുക്കള്‍ ഇല്ലാത്തയാളാണ് രഞ്ജിത്ത്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എന്ന പദവിയില്‍ നിന്നാണ് ഓബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് എത്തിയത്. നാട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമെല്ലാം രഞ്ജിത്തിനെ കുറിച്ച് നല്ല വാക്കുകളേ പറയാനുള്ളൂ.
അതേ സമയം, സംസ്ഥാനത്തെ താക്കോല്‍ സ്ഥാനത്ത് ഇരിക്കുന്ന ബിജെപി നേതാക്കള്‍ക്ക് വേണ്ടത്ര സുരക്ഷയില്ലെന്ന് പരാതിയുണ്ട്. ഭീഷണി നിലനില്‍ക്കുന്ന കെ. സുരേന്ദ്രനെപ്പോലുള്ള നേതാക്കള്‍ക്കാണ് സുരക്ഷയില്ലാത്തത്.