പ്രധാനമന്ത്രിയുടെ സുരക്ഷാചുമതല സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ് എന്ന എസ്പിജിക്കാണ്. നരേന്ദ്രമോദി സഞ്ചരിക്കുന്ന വാഹനങ്ങള്‍ തീരുമാനിക്കുന്നതും സംരക്ഷിക്കുന്നതുമെല്ലാം എസ്പിജി തന്നെ. എസ്യുവികളോടു പ്രത്യേക താല്‍പര്യമുള്ള മോദിയുടെ വാഹന വ്യൂഹത്തില്‍ റേഞ്ച് റോവറും ലാന്‍ഡ് ക്രൂസറും ബിഎംഡബ്ല്യു 7 സീരിസും ഉണ്ട്. എന്നാല്‍ അടുത്തിടെ വാഹനപ്രേമികളുടെ കണ്ണുടക്കിയത് പ്രധാനമന്ത്രിയുടെ ഏറ്റവും പുതിയ കാര്‍ മെയ്ബ എസ്650 ഗാര്‍ഡിലാണ്.
ലോകത്ത് ഏറ്റവും ഉയര്‍ന്ന സുരക്ഷ നല്‍കുന്ന പ്രൊഡക്ഷന്‍ കാറാണ് ഈ മെയ്ബ. കൂടാതെ പ്രൊഡക്ഷനിലുള്ള ഏറ്റവും വിലകൂടിയ അതിസുരക്ഷാ കാറും ഇതുതന്നെ. വിആര്‍ 10 പ്രൊട്ടക്ഷന്‍ ലെവല്‍ പ്രകാരമുള്ള അടിസ്ഥാന സുരക്ഷാ സംവിധാനങ്ങള്‍ മാത്രം ചേര്‍ത്താല്‍ ഏകദേശം 12 കോടി രൂപയാണ് ഈ വാഹനത്തിന്റെ വില. ഉപഭോക്താവിന്റെ താല്‍പര്യത്തിന് അനുസരിച്ച് ഹൈടെക് സുരക്ഷാക്രമീകരണങ്ങള്‍ ഉയര്‍ത്താവുന്നതുകൊണ്ട് പ്രധാനമന്ത്രിയുടെ കാറിന്റെ വില എത്രയെന്ന് വ്യക്തമല്ല.
ഡല്‍ഹിയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനെ സന്ദര്‍ശിക്കാന്‍ ഹൈദരാബാദ് ഹൗസിലേക്കു മോദി എത്തിയത് പുതിയ വാഹനത്തിലാണ്. ഈ വര്‍ഷം ഏപ്രിലില്‍ വാഹനം റജിസ്റ്റര്‍ ചെയ്‌തെങ്കിലും സുരക്ഷാ പരിശോധനകള്‍ കഴിഞ്ഞ് ഇപ്പോഴാണ് ഉപയോഗിക്കുന്നത്.
വിആര്‍ 10 പ്രൊട്ടക്ഷന്‍ ലെവല്‍ പ്രകാരം നിര്‍മിക്കുന്ന ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനങ്ങളിലൊന്നാണ് എസ് 650 ഗാര്‍ഡ്. കാറിന്റെ 2 മീറ്റര്‍ ചുറ്റളവില്‍ 15 കിലോഗ്രാം ടിഎന്‍ടി വരെ ഉപയോഗിച്ചുള്ള സ്‌ഫോടനം ഉണ്ടായാലും യാത്രക്കാര്‍ സുരക്ഷിതരായിരിക്കും. ബോയിങ്ങിന്റെ അപ്പാച്ചി ഹെലികോപ്റ്റര്‍ നിര്‍മിക്കുന്ന വസ്തുക്കള്‍ക്കൊണ്ടാണ് ഈ വാഹനത്തിന്റെ ഇന്ധനടാങ്ക് നിര്‍മിച്ചിരിക്കുന്നത്.
ഏതെങ്കിലും സാഹചര്യത്തില്‍ സുഷിരങ്ങള്‍ വീണാല്‍ അത് സ്വയം അടയും. പഞ്ചറായാലും ഓടാനാവുന്ന ടയറുകളുമുണ്ട്. പ്രത്യേകം നിര്‍മിച്ചിരിക്കുന്ന ബോഡിയില്‍ വെടിയുണ്ടകളോ ചെറു മിസൈലുകളോ ഏല്‍ക്കില്ല. കാറിനുള്ളിലേക്ക് വായു എത്താത്ത സാഹചര്യമുണ്ടായാല്‍ പ്രത്യേകം ഓക്‌സിജന്‍ നല്‍കാനുള്ള സംവിധാനവും ഇതിലുണ്ട്.
മെയ്ബ എസ് 650 ഗാര്‍ഡിന് കരുത്തേകുന്നത് 6 ലീറ്റര്‍ വി12 എന്‍ജിനാണ്. 516 ബിഎച്ച്പി കരുത്തും 900 എന്‍എം ടോര്‍ക്കും നല്‍കും ഈ എന്‍ജിന്‍. മണിക്കൂറില്‍ 160 കിലോമീറ്ററാണ് പരമാവധി വേഗം.