ലണ്ടന്‍: ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത് ആശങ്ക ഉയര്‍ത്തുന്നു. സാഹചര്യം വിലയിരുത്താന്‍ ലോകാരോഗ്യ സംഘടന യോഗം ചേര്‍ന്നു. ദക്ഷിണാഫ്രിക്കയിലേക്ക് വിവിധ രാജ്യങ്ങള്‍ യാത്രാവിലക്കേര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക, ലെസോതോ, ബോട്സ്വാന, സിംബാബ്‌വെ, മൊസാംബിക്, നമീബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുകെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തേ ഇറ്റലിയും ഇവിടങ്ങളിലുള്ളവരെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് അറിയിച്ചിരുന്നു. യൂറോപ്യന്‍ യൂണിയനും യാത്രാവിലക്ക് പരിഗണിക്കുന്നുണ്ട്. അടുത്ത 48 മണിക്കൂറേക്ക് ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും ഫ്രാന്‍സ് വിലക്കേര്‍പ്പടുത്തി.ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാബ്വെ, ലെസോത്തോ, എസ്വാറ്റിനി എന്നീ രാജ്യങ്ങളിലേക്ക് ഇംഗ്ലണ്ടും സിംഗപ്പൂരും ഇസ്രയേലും യാത്രാവിലക്ക് ഏര്‍പ്പെടുത്തി. മറ്റു രാജ്യങ്ങളും യാത്രാവിലക്ക് പരിഗണിക്കുന്നുണ്ട്.
മുപ്പതിലധികം മ്യൂട്ടേഷന്‍ സംഭവിച്ച കോവിഡ് വകഭേദമാണ് ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ചത്. മനുഷ്യ ശരീരത്തിലെ പ്രതിരോധശേഷി അതിവേഗം കുറയ്ക്കുന്നതിനൊപ്പം വേഗത്തില്‍ പകരാനും പുതിയ വകഭേദത്തിന് ശേഷിയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. നിലവില്‍ ഉപയോഗിക്കുന്ന വാക്‌സീനുകള്‍ക്ക് പുതിയ വകഭേദത്തെ തടയാനാകുമോ എന്നതിലും ആശങ്കയുണ്ട്.
ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, ഹോങ്കോങ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലായി 60 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ടു ചെയ്തത്. ഇസ്രയേലിലും ഹോങ്കോങ്ങിലും ബോട്‌സ്വാനയിലും ദക്ഷിണാഫ്രിക്കയില്‍നിന്നു വന്നവര്‍ക്കാണ് വൈറസ് ബാധ. പുതിയ വകഭേദം കണ്ടെത്തിയെന്ന വാര്‍ത്ത ആഗോള സമ്പദ്‌വ്യവസ്ഥയിലും ആശങ്ക പരത്തി. ഇന്ത്യന്‍ ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞു. ഏഷ്യന്‍ വിപണികളിലും കനത്ത നഷ്ടം നേരിട്ടു.