ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സി ഉടന്‍ വരുമെന്നു കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസമാണു ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുമെന്നു കേന്ദ്രം അറിയിച്ചത്. ഡിജിറ്റല്‍ കറന്‍സിക്കായുള്ള തയാറെടുപ്പുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തുകയാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും കേന്ദ്രം ഇക്കാര്യം സ്ഥിരീകരിക്കുന്നത് ആദ്യമായിട്ടാണ്.
‘ബാങ്ക് നോട്ട്’ എന്നതിന്റെ നിര്‍വചനത്തില്‍ ഭേദഗതി വരുത്തുന്നതിനായി റിസര്‍വ് ബാങ്ക് കഴിഞ്ഞ മാസം കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. ക്രിപ്‌റ്റോ കറന്‍സി ബില്ലും പാര്‍ലമെന്റില്‍ ഉടന്‍ അവതരിപ്പിക്കും. ക്രിപ്‌റ്റോ കറന്‍സി നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെ ക്രിപ്‌റ്റോ കറന്‍സികള്‍ നിയന്ത്രിക്കാനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്.