ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചിരിക്കെ, വിദേശത്തുനിന്നു നവംബര്‍ ആദ്യ ആഴ്ച മുതല്‍ ഇന്ത്യയിലെത്തിയവരുടെ യാത്രാവിവരങ്ങള്‍ പരിശോധിക്കും. കോവിഡ് വിദഗ്ധ സമിതി കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യം ശുപാര്‍ശ ചെയ്തു. 24നാണു സ്ഥിരീകരിച്ചതെങ്കിലും നവംബര്‍ ആദ്യ ആഴ്ച തന്നെ തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദമുണ്ടായിരുന്നുവെന്നു വ്യക്തമായ പശ്ചാത്തലത്തിലാണിത്.
ദക്ഷിണാഫ്രിക്കയില്‍ നവംബര്‍ 9നു ശേഖരിച്ച സാംപിളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങള്‍, സമീപനാളുകളില്‍ ഈ രാജ്യങ്ങള്‍ വഴിയെത്തിയവര്‍ തുടങ്ങിയവരെ കണ്ടെത്തുകയാണു ലക്ഷ്യം. ഇതിന് ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ സഹായം തേടും.
കോവിഡ് പരിശോധന, വിദേശത്തുനിന്ന് എത്തുന്നവര്‍ക്കുള്ള മുന്‍കരുതല്‍ നടപടികള്‍ എന്നിവ സംബന്ധിച്ച മാര്‍ഗരേഖ പരിഷ്‌കരിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഹോട്‌സ്‌പോട്ടുകള്‍ കണ്ടെത്തി, കോവിഡ് ജാഗ്രത ശക്തമാക്കാന്‍ നിര്‍ദേശിച്ച് സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു. ‘റിസ്‌ക്’ പട്ടികയിലുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു തുടര്‍നിരീക്ഷണം, എല്ലാ സംസ്ഥാനങ്ങളിലും കൂടുതല്‍ ആര്‍ടിപിസിആര്‍ പരിശോധന തുടങ്ങിയ നിര്‍ദേശങ്ങളുണ്ട്.
രാജ്യാന്തര തലത്തിലെ പതിവു വിമാന സര്‍വീസുകള്‍ വരുംദിവസങ്ങളിലെ സാഹചര്യം കൂടി വിലയിരുത്തിയ ശേഷം മാത്രം പുനരാരംഭിക്കാമെന്നാണ് ഇന്നലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലെ ധാരണ. ഡിസംബര്‍ 15നു സര്‍വീസ് പുനരാരംഭിക്കാനുള്ള മുന്‍തീരുമാനമാണു പുനഃപരിശോധിക്കുന്നത്.