ശബരിമല: സന്നിധാനത്ത് ഭണ്ഡാരത്തില്‍ നിന്നും എണ്ണിത്തിട്ടപ്പെടുത്തി ബാങ്കിലേക്ക് നല്‍കാന്‍ തയാറാക്കിയ നോട്ടുകെട്ടുകളില്‍ തിരിമറി. സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഭണ്ഡാരം ജീവനക്കാരും ബാങ്ക് ഉദ്യോഗസ്ഥരും ചേര്‍ന്ന് തിരിമറി നടത്തിയെന്ന സംശയമാണ് റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.
വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍ നടപടി സ്വീകരിക്കും. കാണിക്കയും മറ്റ് നടവരവുകളുമായി ശബരിമലയില്‍ ലഭിക്കുകയും ഭണ്ഡാരത്തില്‍ എണ്ണി തിട്ടപ്പെടുത്തി കെട്ടുകളാക്കി മാറ്റുകയും ചെയ്ത പണത്തിലാണ് തിരിമറി നടന്നത്.
ധനലക്ഷ്മി ബാങ്കിലേക്ക് നല്‍കാന്‍ തയാറാക്കിയ നോട്ടുകെട്ടുകളിലെ വലിപ്പ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരാണ് തിരിമറി കണ്ടെത്തിയത്. 10,20,50 രൂപയുടെ കെട്ടുകളില്‍ ക്രമക്കേടുണ്ടായിരുന്നു. സംഭവത്തിന് പിന്നില്‍ ഭണ്ഡാരം ജീവനക്കാരും ബാങ്ക് ജീവനക്കാരും ചേര്‍ന്നുള്ള ഒത്തുകളിയാണെന്നും നെയ് പുരണ്ട നോട്ടുകള്‍ എണ്ണുന്നതില്‍ യന്ത്രസംവിധാനത്തിന് വന്ന തകരാറാകാമെന്നും വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ട്. ദേവസ്വം കമ്മീഷണര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടിന്‍മേല്‍ ദേവസ്വം വിജിലന്‍സ് എസ്പി അന്വേഷണം നടത്തും.. ഇതിന് ശേഷമാകും തുടര്‍ നടപടി സ്വീകരിക്കുക