
ഇനിയാണ് ബഹിരാകാശ ടൂറിസത്തിലെ യഥാര്‍ഥം പൂരം. വെര്‍ജിന്‍ ഗലാറ്റിക്കിന്റെ വിഎസ്എസ് യൂണിറ്റിയിലൂടെ റിച്ചഡ് ബ്രാന്‍സനും ബ്ലൂ ഒറിജിന്‍ ന്യൂ ഷെപ്പാഡിലൂടെ ജെഫ് ബെസോസും തുടക്കമിട്ട കിടമത്സരത്തിനു കൊഴുപ്പുകൂട്ടാന്‍ സ്‌പേസ്എക്‌സ് മേധാവി ഇലോണ്‍ മസ്‌കുമെത്തിയിരിക്കുന്നു. മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സ് വിക്ഷേപിക്കുന്ന ഡ്രാഗണ്‍ ക്യൂപ്‌സൂളിലേറി നാലു പേരാണ് സെപ്റ്റംബര്‍ 16ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചരയോടെ ബഹിരാകാശത്തേക്കു പറക്കുന്നത്.
നാലു പേര്‍ക്കും യഥാര്‍ഥ ബഹിരാകാശ യാത്രികര്‍ക്കു ലഭിക്കുന്നതു പോലുള്ള പരിശീലനമൊന്നും കാര്യമായി ലഭിച്ചിട്ടില്ല. ആറു മാസം മുന്‍പാണ് യാത്രയ്ക്കുള്ള തീരുമാനംതന്നെ ആയത്. ആകെ ലഭിച്ചത് ഒരു ‘ക്രാഷ് കോഴ്സ്’ എന്നു പറയാവുന്ന പരിശീലനം. സ്‌പേസ് മാനദണ്ഡങ്ങളനുസരിച്ചു നോക്കിയാല്‍ യാത്രികരില്‍ നാലു പേരും ‘സാധാരണക്കാര്‍’. ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്നു കുതിച്ചുയരുന്ന ദൗത്യത്തിന് ആത്മവിശ്വാസം നിറഞ്ഞ പേരാണ് ഇലോണ്‍ മസ്‌ക് നല്‍കിയിരിക്കുന്നത്- ഹോളിവുഡ് ചിത്രം ‘ഫന്റാസ്റ്റിക് 4’ പോലെ, ഒരു ‘ഇന്‍സ്പിരേഷന്‍4’. കൂടുതല്‍ പേര്‍ക്ക് ബഹിരാകാശ യാത്ര സ്വപ്നം കാണുന്നതിനുള്ള പ്രചോദനം കൂടിയാകും ‘ഇന്‍സ്പിരേഷന്‍4’ എന്നും മസ്‌ക് വ്യക്തമാക്കുന്നു.