തിരുവനന്തപുരം: ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണം ഇന്നുമുതല്‍. ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ രാത്രി 10 മുതല്‍ രാവിലെ 5 വരെയാണു നിയന്ത്രണം. ശബരിമല, ശിവഗിരി തീര്‍ഥാടകര്‍ക്ക് ഇളവുണ്ട്.
രാത്രി 10 നു ശേഷമുളള പുതുവത്സരാഘോഷങ്ങള്‍ക്കും ദേവാലയ ചടങ്ങുകള്‍ക്കും നിയന്ത്രണം ബാധകമാണെന്നു ദുരന്തനിവാരണ വകുപ്പ് വ്യക്തമാക്കി. പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പെടെ മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ അനുവദിക്കില്ല. അടിയന്തര ആവശ്യങ്ങള്‍ക്കു രാത്രി പുറത്തിറങ്ങുന്നവര്‍ സ്വന്തം സാക്ഷ്യപത്രം കരുതണം.
രാത്രി 10 വരെയുള്ള ആഘോഷങ്ങളിലും കോവിഡ് നിയന്ത്രണം കര്‍ശനമായി പാലിക്കണം. ഇതു പരിശോധിക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്തി. ബാര്‍, ക്ലബ്, റസ്റ്ററന്റ് തുടങ്ങിയവയില്‍ പകുതി സീറ്റില്‍ മാത്രമേ ആളെ അനുവദിക്കാവൂ. ആള്‍ക്കൂട്ട സാധ്യതയുളള ബീച്ചുകള്‍, ഷോപ്പിങ് മാളുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയവ പൊലീസിന്റെ നിയന്ത്രണത്തിലായിരിക്കും. മേല്‍നോട്ടത്തിനു സെക്ടറല്‍ മജിസ്‌ട്രേട്ടുമാരെ ചുമതലപ്പെടുത്തും.
നിയന്ത്രണം കര്‍ശനമായതോടെ, പല സ്ഥാപനങ്ങളും സംഘടനകളും പുതുവത്സര പരിപാടികള്‍ ഭാഗികമായി റദ്ദാക്കി. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിക്കുന്ന അതിഥികളെ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കണമെന്നു ടൂറിസം സംരംഭകര്‍ ആവശ്യപ്പെട്ടു. ടൂറിസം മേഖലയ്ക്ക് ഇതു വന്‍ തിരിച്ചടിയാകുമെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി ഭാരവാഹികള്‍ പറഞ്ഞു.