ന്യൂഡല്‍ഹി: ഒമിക്രോണ്‍ ‘നിശബ്ദനായ കൊലയാളി’യാണെന്നും ഒരുമാസം മുന്‍പ് രോഗബാധിതനായ താന്‍ ഇപ്പോഴും ബുദ്ധിമുട്ടുകയാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ. സുപ്രീം കോടതിയില്‍ നേരിട്ടു വാദം കേള്‍ക്കണമെന്ന അഭ്യര്‍ഥന പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.
‘നിങ്ങള്‍ക്കറിയാമോ, ഒമിക്രോണ്‍ നിശബ്ദനായ കൊലയാളിയാണ്. ആദ്യ തരംഗത്തില്‍ എനിക്കും രോഗം ബാധിച്ചിരുന്നു. പക്ഷേ നാലു ദിവസത്തിനകം രോഗമുക്തനായി. ഇപ്പോള്‍ 25 ദിവസമായി അതിന്റെ ബുദ്ധിമുട്ടുകള്‍ ഞാന്‍ അനുഭവിക്കുകയാണ്’- ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീം കോടതി ബാര്‍ അസോസിയേഷന് തലവനായ മുതിര്‍ന്ന അഭിഭാഷകന് വികാസ് സിങ്ങാണ് കോടതി നേരിട്ടു വാദം കേള്‍ക്കുന്ന രീതി പുനഃരാരംഭിക്കണമെന്ന് അഭ്യര്‍ഥിച്ചത്.