തിരുവല്ല: ഓണ്‍ലൈനിലൂടെ പതിനായിരം രൂപ വായ്പയെടുത്ത യുവതിക്ക് കിട്ടിയത് മുട്ടന്‍ പണി. പണം തിരിച്ചടച്ച ശേഷം വീണ്ടും പണം ആവശ്യപ്പെട്ട് ബ്ലാക്മെയിലിങ്. യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചാണ് പണം തട്ടാനുള്ള നീക്കം നടന്നത്. യു.പി സ്വദേശികള്‍ക്കെതിരെ പോലീസ് കേസെടുത്തു.
പെരിങ്ങര സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തത്. ഓണ്‍ലൈനില്‍ നിന്നും ലഭിച്ച ലിങ്ക് ഉപയോഗിച്ച് യുവതി ഒരു വര്‍ഷം മുമ്പ് യു.പി സ്വദേശികളില്‍ നിന്നും 10000 രൂപ വായ്പ എടുത്തിരുന്നു. കാലാവധിക്കുള്ളില്‍ തിരിച്ചടയ്ക്കുകയും ചെയ്തു. അതിന് ശേഷം ഇക്കഴിഞ്ഞ 25-ാം തീയതി യുവതിക്ക് യു.പി യില്‍ നിന്നും ഒരു ഫോണ്‍ കോള്‍ എത്തി. ഓണ്‍ലൈന്‍ വഴി പണം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോള്‍.
യുവതി ഇത് നിരസിച്ചതോടെ ഫോണിലെ ഫോട്ടോകള്‍ ഉള്‍പ്പെടെയുളള മുഴുവന്‍ രേഖകളും തങ്ങളുടെ കൈവശമുണ്ടെന്ന ഭീഷണിയായി. പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് യുവതിയൂടേതെന്ന തരത്തില്‍ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ബന്ധുക്കള്‍ അടക്കമുള്ളവരുടെ വാട്ട്സാപ്പിലൂടെ പ്രചരിപ്പിച്ചു. ഇതേ തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. പരാതിയിന്മേല്‍ ഐ.ടി ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.