വാഷിംഗ്ടണ്‍: ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ വിജയകരമായി വെച്ചുപിടിപ്പിച്ചു. ആധുനിക മെഡിക്കല്‍ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയേക്കാവുന്ന ശസ്ത്രക്രിയ നടന്നത് അമേരിക്കയിലാണ്. 57 വയസ്സുള്ള ഒരാളിലാണ് പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിച്ചത്.
ദീര്‍ഘകാലമായി അവയവദാനരംഗത്ത് നേരിടുന്ന ദൗര്‍ലഭ്യം പരിഹരിക്കാനുതകുന്നതാണ് പരീക്ഷണ വിജയം. വെള്ളിയാഴ്ചയാണ് ശസ്ത്രക്രിയ നടന്നതെന്ന് മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌കൂള്‍ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ചരിത്രപരം എന്നാണ് ആശുപത്രി ഇതിനെ വിശേഷിപ്പിച്ചത്.
ഡേവിഡ് ബെന്നറ്റ് എന്ന ഹൃദ്രോഗിയിലാണ് പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ബെന്നറ്റ് സുഖം പ്രാപിക്കുന്നതായും പുതിയ അവയവം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നിര്‍ണ്ണയിക്കാന്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
‘ഒന്നുകില്‍ മരിക്കുക അല്ലെങ്കില്‍ ഈ ട്രാന്‍സ്പ്ലാന്റ് ചെയ്യുക. എനിക്ക് ജീവിക്കണം. ഇത് ഇരുട്ടില്‍ ഒരു വെടിവെക്കുന്നത് പോലെയാണെന്ന് എനിക്കറിയാം, പക്ഷേ ഇത് എന്റെ അവസാന ഓപ്ഷനായിരുന്നു,’ ശസ്ത്രക്രിയയ്ക്ക് ഒരു ദിവസം മുമ്ബ് ഡേവിഡ് ബെന്നറ്റ് പറഞ്ഞ വാക്കുകളാണിത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മാസങ്ങളായി ഹാര്‍ട്ട്-ലംഗ് ബൈപാസ് മെഷീനില്‍ കിടപ്പിലാണ് ബെന്നറ്റ്. രോഗം ഭേദമായ ശേഷം താന്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 31 നാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ശസ്ത്രക്രിയയ്ക്ക് അടിയന്തര അനുമതി നല്‍കിയത്. പരമ്ബരാഗത അവയവ മാറ്റിവെക്കലിന് അനുയോജ്യമല്ലാത്ത ഒരു രോഗിയുടെ അവസാന ശ്രമമെന്ന നിലയിലായിരുന്നു ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കിയത്.
‘ഇത് ഒരു നാഴികക്കല്ലായേക്കാവുന്ന ശസ്ത്രക്രിയയായിരുന്നു. അവയവങ്ങളുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനുള്ള മാര്‍ഗത്തിലേക്ക് ഞങ്ങളെ ഒരു പടി കൂടി അടുപ്പിക്കുന്നു,’ പന്നിയുടെ ഹൃദയം ശസ്ത്രക്രിയയിലൂടെ മാറ്റിവച്ച ഡോക്ടര്‍ ബാര്‍ട്ട്‌ലി ഗ്രിഫിത്ത് പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും രോഗിയെ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് തങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ടുനിന്ന പരിശ്രമമായിരുന്നെന്ന് സര്‍വ്വകലാശാലയുടെ കാര്‍ഡിയാക് സെനോട്രാന്‍സ്പ്ലാന്റേഷന്‍ പ്രോഗ്രാമിന്റെ സഹസ്ഥാപകനായ മുഹമ്മദ് മൊഹിയുദ്ദീന്‍ പറഞ്ഞു. പന്നിയില്‍ നിന്ന് വാലില്ലാ കുരങ്ങിലേക്ക് അടക്കം നടത്തിയ ഗവേഷണങ്ങളുടെ അന്തിമഘട്ടമായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പന്നിയുടെ ഹൃദയം ബെന്നറ്റിലേക്ക് വെച്ചുപിടിപ്പിക്കുന്നതിന് പ്രധാനമായും പത്ത് ജീന്‍ എഡിറ്റുകളാണ് നടത്തിയത്. ബെന്നറ്റിന്റെ ഹൃദയ ദാതാവായ പന്നി ജനിതക എഡിറ്റിംഗ് നടപടിക്രമങ്ങള്‍ക്ക് വിധേയമായ ഒരു കൂട്ടത്തില്‍പ്പെട്ടതായിരുന്നു.
മനുഷ്യ ശരീരത്തിലേക്ക് പന്നിയുടെ അവയവങ്ങള്‍ വെച്ചുപിടിപ്പിക്കുമ്ബോള്‍ അവ നിരസിക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചേക്കാവുന്ന മൂന്ന് ജീനുകളെ ഒഴിവാക്കി. ഇതിനോടൊപ്പം മനുഷ്യശരീരം സ്വീകരിക്കുന്ന ആറ് ജീനുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
ഒക്ടോബറില്‍ ന്യൂയോര്‍ക്കില്‍ മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച പന്നിയെ വിതരണം ചെയ്ത, വിര്‍ജീനിയ ആസ്ഥാനമായുള്ള ബയോടെക് സ്ഥാപനമായ റിവിവികോര്‍ ആണ് ജീന്‍ എഡിറ്റിംഗ് നടത്തിയത്.
അതേസമയം രോഗിയുടെ ജീവന് തന്നെ ഭീഷണിയുള്ളതായതിനാല്‍ വൃക്ക മാറ്റിവെക്കലിനേക്കാള്‍ സങ്കീര്‍ണമായ ശസ്ത്രക്രിയയായിരുന്നു ഇത്. ശസ്ത്രക്രിയയ്ക്ക് മുന്‍പ് ദാനം ചെയ്ത അവയവം, ഒരു അവയവ സംരക്ഷണ യന്ത്രത്തില്‍ സൂക്ഷിച്ചിരുന്നു. കൂടാതെ പരമ്ബരാഗത ആന്റി-റിജക്ഷന്‍ മരുന്നുകള്‍ക്കൊപ്പം കിനിക്സ് ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മിച്ച പരീക്ഷണാത്മക പുതിയ മരുന്നും സംഘം ഉപയോഗിച്ചു.
ഏകദേശം 1,10,000 അമേരിക്കക്കാര്‍ നിലവില്‍ അവയവം മാറ്റിവെക്കുന്നുണ്ടെന്നാണ് കണക്ക്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും 6,000-ത്തിലധികം രോഗികള്‍ അവയവദാനത്തിന്റെ ദൗര്‍ലഭ്യം മൂലം മരിക്കുന്നു. പന്നിയുടെ ഹൃദയ വാല്‍വുകള്‍ മനുഷ്യരില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. കൂടാതെ പന്നിയുടെ തൊലി പൊള്ളലേറ്റ മനുഷ്യരിലും ഉപയോഗിക്കുന്നുണ്ട്.