സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസം 327 റണ്‍സിന് പുറത്തായ ഇന്ത്യ, ആതിഥേയര്‍ക്ക് പേസിലൂടെത്തന്നെ ഉജ്വല തിരിച്ചടി നല്‍കി. ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 197 റണ്‍സിനു പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് 130 റണ്‍സ് ലീഡ്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി 44 റണ്‍സ് വഴങ്ങി 5 വിക്കറ്റെടുത്തു. ജസ്പ്രീത് ബുമ്ര 16 റണ്‍സും ശാര്‍ദൂല്‍ ഠാക്കൂര്‍ 51 റണ്‍സും വഴങ്ങി രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജിന് ഒരു വിക്കറ്റും കിട്ടി.
മൂന്നു വിക്കറ്റിന് 272 എന്ന സ്‌കോറില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ ആദ്യ സെഷനില്‍ത്തന്നെ 327 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 71 റണ്‍സിന് 6 വിക്കറ്റെടുത്ത ലുങ്കി എന്‍ഗിഡി, 72 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്ത കഗീറോ റബാദ എന്നിവരുടെ ഉജ്വല ബോളിങ്ങാണു ദക്ഷിണാഫ്രിക്കയ്ക്കു കരുത്തായത്. മാര്‍ക്കോ യാന്‍സെന്‍ ഒരു വിക്കറ്റെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റു ചെയ്യുന്ന ഇന്ത്യ, മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 16/1 എന്ന നിലയിലാണ്. നാല് റണ്‍സെടുത്ത ഓപ്പണര്‍ മയാങ്ക് അഗര്‍വാളിന്റെ വിക്കറ്റാണ് നഷ്ടമായത്. കെ.എല്‍.രാഹുല്‍ (5*), ശാര്‍ദൂല്‍ ഠാക്കൂര്‍ (4*) എന്നിവരാണ് ക്രീസില്‍. ഇതോടെ ഇന്ത്യയ്ക്ക് 146 റണ്‍സ് ലീഡായി.
നേരത്തെ, ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ത്തന്നെ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറിനെ (1) ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുമ്ര ഇന്ത്യയ്ക്കു ബ്രേക്ക് നല്‍കി. ഏയ്ഡന്‍ മാര്‍ക്രം (13), കീഗാന്‍ പീറ്റേഴ്‌സന്‍ (15) എന്നിവരെ ബോള്‍ഡാക്കിയ മുഹമ്മദ് ഷമിയുടെ ഊഴമായിരുന്നു പിന്നീട്. റസ്സി വാന്‍ ഡര്‍ ദസ്സനെ (3) മുഹമ്മദ് സിറാജാണു പുറത്താക്കിയത്. 5-ാം വിക്കറ്റില്‍ 72 റണ്‍സ് ചേര്‍ത്ത തെംബ ബവൂമ- ക്വിന്റന്‍ ഡി കോക്ക് സഖ്യം ദക്ഷിണാഫ്രിക്കയ്ക്കു പ്രതീക്ഷ നല്‍കിയെങ്കിലും ഡി കോക്കിനെ (36) ബോള്‍ഡാക്കിയ ശാര്‍ദൂല്‍ ഇന്ത്യയ്ക്കു മേല്‍ക്കൈ തിരികെ നല്‍കി.