ഇസ്‌ളാമാബാദ്: പാകിസ്ഥാനില്‍ പുതിയ പ്രധാനമന്ത്രിയെ ഇന്ന് തിരഞ്ഞെടുക്കും. പാകിസ്ഥാന്‍ മുസ്ലീം ലീഗ് നവാസ് വിഭാഗത്തിന്റെ അദ്ധ്യക്ഷനും മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനുമായ ഷെഹബാസ് ഷരീഫ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടാനാണ് സാദ്ധ്യത.
ഇന്നലെ പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നടങ്കം ഷെഹബാസിനെ പ്രധാനമന്ത്രി പദത്തിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിരുന്നു. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പി.ടി.ഐയുടെ 65കാരനായ മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയാണ് എതിരാളി. ഷെഹബാസ് ഷരീഫ് പ്രധാനമന്ത്രിയായാല്‍ ഉടന്‍ തന്നെ ദേശീയ അസംബ്ലിയില്‍ നിന്ന് മുഴുവന്‍ എംപിമാരെയും രാജിവയ്പിക്കാനാണ് ഇമ്രാന്‍ ഖാന്റെ ആലോചന.
അതേസമയം പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ അനുകൂലികളുടെ പ്രതിഷേധ പ്രകടനമുണ്ടായി. ഇസ്ലാമാബാദ്, പെഷാവര്‍,കറാച്ചി, ലാഹോര്‍ അടക്കമുള്ള പന്ത്രണ്ട് നഗരങ്ങളിലാണ് പ്രക്ഷോഭം. ഇമ്രാന്‍ ഖാനെ പുറത്താക്കിയതിന് പിന്നില്‍ അമേരിക്കയാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. സ്ത്രീകളടക്കം ലക്ഷക്കണക്കിന് പേരാണ് രാത്രി തെരുവിലിറങ്ങിയത്.