
ന്യൂഡല്‍ഹി: ക്വാഡ്, യുഎന്‍ പൊതുസഭാ സമ്മേളനം എന്നിവയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉന്നത ഉദ്യോഗസ്ഥ സംഘവും യുഎസിലെത്തി. രാത്രി വൈകി വാഷിങ്ടനില്‍ എത്തിയ ഉടന്‍ അദ്ദേഹം കോവിഡ് സംബന്ധിച്ച ആഗോള സമ്മേളനത്തിലും പങ്കെടുത്തു.ഇന്ത്യ-യുഎസ് തന്ത്രപ്രധാന ബന്ധവും ജപ്പാന്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായുള്ള ബന്ധവും ഊട്ടിയുറപ്പിക്കാന്‍ സന്ദര്‍ശനം സഹായിക്കുമെന്ന് യാത്ര പുറപ്പെടും മുന്‍പ് മോദി പറഞ്ഞു. 24ന് ക്വാഡ് ഉച്ചകോടിയിലും 25ന് യുഎന്‍ സമ്മേളനത്തിലും പങ്കെടുക്കുന്ന പ്രധാനമന്ത്രി വിവിധ രാഷ്ട്രത്തലവന്മാരുമായി ചര്‍ച്ച നടത്തുന്നുണ്ട്. യുഎസിലെ ബിസിനസ് സ്ഥാപനങ്ങളുമായും ചര്‍ച്ചയുണ്ടാകും.
യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായും മോദി നാളെ ചര്‍ച്ച നടത്തുന്നുണ്ട്. ക്വാഡ് യോഗത്തിനു പുറമേ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസന്, ജപ്പാന് പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവരുമായി പ്രത്യേകം ചര്‍ച്ച നടത്തും. അഫ്ഗാനിസ്ഥാനില്‍ യുഎസ് ഇടപെടല്‍ തുടരുന്നതു സംബന്ധിച്ച് ഇന്ത്യയുടെ അഭിപ്രായം ഉഭയകക്ഷി ചര്‍ച്ചയില്‍ അവതരിപ്പിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സഞ്ചരിക്കാന്‍ പാക്കിസ്ഥാന്റെ വ്യോമമേഖല 2 വര്‍ഷത്തിനു ശേഷം തുറന്നു കൊടുത്തു. യുഎസ് സന്ദര്‍ശനത്തിനു പുറപ്പെട്ട മോദിയും സംഘവുമടങ്ങിയ വിമാനത്തിന് പാക്കിസ്ഥാനു മീതെ പറക്കാന്‍ ഇന്ത്യ അനുമതി തേടിയിരുന്നു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കാബൂള്‍ ഒഴിവാക്കി പറക്കാനായിരുന്നു ഇത്.
ഇന്ത്യയുടെ അഭ്യര്‍ഥന സ്വീകരിച്ച പാക്കിസ്ഥാന് ഉടന്‍ അനുമതി നല്കി. 2019 ല്‍ കശ്മീരിനു പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോഴാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക്കിസ്ഥാന് വ്യോമമേഖലയ്ക്കു മീതെ പറക്കാന്‍ അനുമതി നിഷേധിച്ചത്. അതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് 2 തവണയും രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ വിമാനത്തിന് ഒരു തവണയും അനുമതി നിഷേധിച്ചു.
അന്ന് കാബൂള്‍ വഴിയാണ് മോദി യുഎസ്, ജര്‍മനി എന്നിവിടങ്ങളിലേക്കും രാഷ്ട്രപതി ഐസ്ലന്‍ഡിലേക്കും പറന്നത്. കഴിഞ്ഞ മാസം പാക്ക് പ്രധാനമന്ത്രി ഇമ്രാന്ഖാന് ശ്രീലങ്കയിലേക്കു പോകാന്‍ ഇന്ത്യ അനുമതി നല്‍കിയിരുന്നു.