പത്തനംതിട്ട: പമ്പ, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നു. പമ്പാ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. സെക്കന്റില്‍ അരലക്ഷം ലിറ്റര്‍ വെള്ളമാണ് അണക്കെട്ടില്‍ നിന്ന് പുറന്തള്ളുന്നത്. ഇതോടെ പമ്പാ നദിയിലേക്ക് അധികജലം ഒഴുകിയെത്തിത്തുടങ്ങി. പമ്പാനദിയില്‍ പത്ത് സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. അതേസമയം ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്.
ആറുമണിക്ക് തുറന്നുവിട്ട ഇടമലയാര്‍ അണക്കെട്ടില്‍ നിന്നുള്ള വെള്ളം എട്ടുമണിയോടെ ഭൂതത്താന്‍കെട്ടിലെത്തും. ഉച്ചയ്ക്ക് 12 മണിയോടെ വെള്ളം കാലടി-ആലുവ ഭാഗത്തെത്തും. പെരിയാറിന്റെ തീരത്ത് അതീവജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പെരിയാറിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയരുമെന്നാണ് വിലയിരുത്തല്‍.
രാവിലെ 11 മണിയോടെയാണ് ഇടുക്കി അണക്കെട്ട് തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതം തുറക്കും. താഴെ പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. ഇടുക്കിയും ഇടമലയാറും ഒരുമിച്ചുതുറക്കേണ്ട സാഹചര്യം മുന്‍നിര്‍ത്തി ഭൂതത്താന്‍കെട്ട് ഡാമില്‍ ജലനിരപ്പ് 27.5 മീറ്ററില്‍ ക്രമീകരിച്ചിരിക്കുകയാണ്.
അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരമാണ് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് ഡാമുകള്‍ തുറക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണെന്നും അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കാനും അതിജാഗ്രത പാലിക്കാനും എല്ലാവരും തയ്യാറാവണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.