അബുദാബി: അവധി എടുത്തതിന്റെ പേരില്‍ ജോലിയില്‍നിന്നും താമസ സ്ഥലത്തുനിന്നും ഇറക്കിവിട്ട മലയാളി കൊടും തണുപ്പില്‍ അഭയം തേടിയത് നഗരത്തിലെ പാര്‍ക്കില്‍. തിരുവനന്തപുരം വര്‍ക്കല ചെറുന്നിയൂര്‍ താന്നിമൂട് സ്വദേശി സുധീഷ് ആണ് പെരുവഴിയിലായത്.
അബുദാബിയിലെ സ്വകാര്യ കമ്പനിയില്‍ ഇലക്ട്രീഷനായി 2021 ഒക്ടോബറിലാണ് ജോലിക്കു കയറിയത്. അതിനിടെ നാട്ടിലുണ്ടായ ചില കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2 ദിവസം അവധി എടുത്തു. ഈ വിവരം ഫോര്‍മാനോട് പറഞ്ഞിരുന്നതായി സുധീഷ് പറയുന്നു. എന്നാല്‍ തുടര്‍ച്ചയായി ജോലിക്കു വരാതിരുന്നതിനെ തുടര്‍ന്ന് ഇനി ജോലിക്കു വരേണ്ടെന്ന് അറിയിച്ചതായി കമ്പനി അധികൃതരും വ്യക്തമാക്കുന്നു.
താമസസ്ഥലത്തുനിന്നും ഇതേ തുടര്‍ന്ന് പുറത്തായി. പിന്നീട് പാര്‍ക്കില്‍ അഭയം തേടുകയായിരുന്നു. നാട്ടിലേക്കു തിരിച്ചയയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ 5000 ദിര്‍ഹം നല്‍കാന്‍ കമ്പനി ആവശ്യപ്പെട്ടതായും സുധീഷ് പറയുന്നു.
പിന്നീട് കമ്പനിയുടെ നിര്‍ദേശപ്രകാരം ഡമ്മി ടിക്കറ്റും പിസിആര്‍ ടെസ്റ്റും എടുത്തു നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പറയുന്നു. ഇതിനിടെ പൊലീസ് സ്റ്റേഷനിലും കോടതിയിലും പോയെങ്കിലും എമിറേറ്റ്‌സ് ഐഡി പോലും ഇല്ലാത്തതിനാല്‍ പരാതി നല്‍കാനായില്ലെന്നും സുധീഷ് പറഞ്ഞു.