പത്തനംതിട്ട ജില്ലയില്‍ സ്വകാര്യ നിക്ഷേപ പാര്‍ക്ക് ഉടന്‍ ആരംഭിക്കും: മന്ത്രി പി. രാജീവ്

0 second read
0
0

പത്തനംതിട്ട: ജില്ലയില്‍ സ്വകാര്യ നിക്ഷേപ പാര്‍ക്ക് രണ്ട് മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പത്തനംതിട്ട ഗവ.ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യവസായ വകുപ്പ് മാറ്റത്തിന്റെ പാതയിലാണ്.

സ്വകാര്യ വ്യവസായ സംരംഭങ്ങള്‍ ജില്ലയില്‍ ശക്തിപ്പെടുത്തും. പത്ത് ഏക്കര്‍ ഭൂമിയുള്ളവര്‍ക്ക് സ്വകാര്യ വ്യവസായ പാര്‍ക്ക് ആരംഭിക്കാന്‍ അപേക്ഷ നല്‍കാം. ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് ആക്ടിന്റെ പരിധിക്കുള്ളില്‍ നിന്ന് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസനത്തിനുള്ള ഒരു നിശ്ചിത ശതമാനം തുക സര്‍ക്കാര്‍ നല്‍കും. ഇപ്പോള്‍ രണ്ട് അപേക്ഷകളാണ് പരിഗണനയിലുള്ളതെന്നും രണ്ട് മാസത്തിനുള്ളില്‍ അതിന്റെ പ്രാരംഭ നടപടികള്‍ക്ക് തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു.
ജില്ല വ്യാവസായികമായി ശക്തിപ്പെടണമെങ്കില്‍ പഞ്ചായത്തുകളില്‍ താഴേത്തട്ടിലെ ഉദ്യോഗസ്ഥരുടെ മനോഭാവവും ചില ബാങ്കുകളുടെ നിഷേധാത്മക സമീപനത്തിലും മാറ്റമുണ്ടാകണമെന്നും സംരംഭകര്‍ക്ക് അനുകൂലമായ രീതിയിലുള്ള നിലപാട് സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ചില ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് ഇല്ലാത്ത അധികാരങ്ങള്‍ ഉപയോഗപ്പെടുത്തുണ്ടെന്നും അത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിലപാട് സ്വീകരിക്കമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ നോക്കുകൂലിയെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. അതൊരു ക്രിമിനല്‍ കുറ്റമാണ്. ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കെ.സി. സണ്ണി അധ്യക്ഷനായ കമ്മിഷന്‍ കാലഹരണപ്പെട്ട നിയമങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ച പരാതികളെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമയബന്ധിതമായി സമര്‍പ്പിച്ചിരുന്നു. വ്യവസായ മേഖലകളിലെ പ്രശ്‌നങ്ങള്‍ നേരിട്ട് സര്‍ക്കാരിനെ അറിയിക്കാനുള്ള സോഫ്റ്റ് വെയറിന്റെ രൂപീകരണം അവസാനഘട്ടത്തിലാണ്. അത് പ്രവര്‍ത്തനസജ്ജമായാല്‍ സംരംഭകരുടെ പരാതികള്‍ നേരിട്ട് അപ്ലോഡ് ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ സംരംഭകര്‍ മുന്നോട്ട് വരുന്നുവെന്നത് സന്തോഷകരമായ കാര്യമാണ്. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനത്തിലേക്ക് ജില്ലയെ മാറ്റണമെന്നും ഫുഡ് പ്രോസസിംഗ് ഇന്‍ഡസ്ട്രീസിന് പ്രാധാന്യം നല്‍കണമെന്നും എല്ലാ പിന്തുണയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എം എസ് എം ഇ മേഖലയില്‍ 48% വളര്‍ച്ചയാണ് ഉണ്ടായത്. ഇപ്പോള്‍ അതിലും വലിയ മാറ്റമുണ്ട്. ഒരു ലക്ഷം സംരംഭങ്ങള്‍ എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സംരംഭകരെ പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇന്റേണ്‍സുകളെ നിയമിക്കുന്നുണ്ട്. പഞ്ചായത്ത് തലത്തില്‍ ഒന്ന്, മുനിസിപ്പാലിറ്റിയില്‍ രണ്ട്, കോര്‍പ്പറേഷനുകളില്‍ അഞ്ച് എന്നിങ്ങനെയായിരിക്കും നിയമനം. വ്യവസായങ്ങള്‍ തുടങ്ങാന്‍ താത്പര്യമുള്ള സംരംഭകരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുക എന്നതാണ് ഇവരുടെ ചുമതല. അതേ പോലെ താലൂക്ക് തലത്തില്‍ 59 ഫെസിലിറ്റേറ്റര്‍മാരെയും നിയമിച്ചിട്ടുണ്ട്.
സംസ്ഥാനത്തേക്ക് പ്രവാസി നിക്ഷേപം കൂട്ടാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് ദുബായ് എക്‌സ്‌പോയില്‍ പങ്കെടുത്തത്. അതിലൂടെ നിക്ഷേപകരെ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ പ്രവാസികളേയും ഓണ്‍ലൈനായി പങ്കെടുപ്പിച്ചു കൊണ്ട് സംരംഭക സംഗമങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. പ്രവാസി നിക്ഷേപം ഉത്പാദനപരമായി ഉപയോഗിക്കുമെന്നും പതിനാല് ജില്ലകളിലും ഒരു വര്‍ഷത്തിനുള്ളില്‍ ഒരു സ്വകാര്യ പാര്‍ക്ക് എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിക്കൊപ്പം വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…