
പത്തനംതിട്ട: സിപിഎം ഭരിക്കുന്ന സീതത്തോട് സഹകരണ സംഘത്തിലെ കോടികളുടെ തട്ടിപ്പ് വെളിയില്‍ വന്ന പശ്ചാത്തലത്തില്‍ ചേര്‍ന്ന ഡിസിസി നേതൃയോഗത്തില്‍ പൊട്ടിത്തെറിച്ച് കെപിസിസി സെക്രട്ടറി പഴകുളം മധു. പക്ഷേ, പൊട്ടിത്തെറി കൊണ്ട് കാര്യമായ നേട്ടമൊന്നും ഉണ്ടായില്ല. സീതത്തോട് സമരത്തില്‍ ശക്തമായ, കേന്ദ്രീകൃതമായ ഒരു നിലപാട് എടുക്കാന്‍ ഡിസിസി തയാറായില്ല. യുഡിഎഫ് ഭരിച്ചിരുന്ന ബാങ്കുകളിലും കോണ്‍ഗ്രസ് നേതാക്കളുടെ ഭാര്യമാര്‍ ജോലി ചെയ്യുന്ന എല്‍ഡിഎഫ് ഭരിക്കുന്ന ബാങ്കുകളിലും മുട്ടന്‍ അഴിമതി നടക്കുന്നതിനാലുള്ള ധാര്‍മികതയാണത്രേ പിന്മാറ്റത്തിന് കാരണം.
കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സംഘങ്ങളിലും ജില്ലാ ബാങ്കിലുമായി ഉണ്ടായിരുന്ന അമ്പതോളം ഒഴിവുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പണം വാങ്ങി ഡിവൈഎഫ്ഐക്കാരെയും ബിജെപിക്കാരെയും നിയമിച്ചുവെന്ന് മധു തുറന്നടിച്ചു. ഇതു വരെ നടന്നതു നടന്നു. ഇനി അങ്ങനെ ഉണ്ടാകാന്‍ പാടില്ല. നൂറുകണക്കിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോലിക്ക് വേണ്ടി അലയുന്നുണ്ട്. അവര്‍ക്ക് നിയമനം നല്‍കേണ്ടിടത്താണ് ലക്ഷങ്ങള്‍ വാങ്ങി മറ്റു പാര്‍ട്ടിക്കാര്‍ക്ക് ജോലി നല്‍കിയിരിക്കുന്നത്. സിപിഎം ഭരിക്കുന്ന ബാങ്കില്‍ കോണ്‍ഗ്രസുകാര്‍ക്ക് ജോലി നല്‍കുമോ എന്നും മധു ചോദിച്ചു. മധുവിന്റെ അഭിപ്രായത്തോട് പിജെ കുര്യന്‍ അടക്കമുള്ള നേതാക്കള്‍ യോജിച്ചു.
അതേസമയം, കോടികളുടെ ക്രമക്കേട് നടക്കുകയും കെയു ജനീഷ്‌കുമാര്‍ എംഎല്‍എ അടക്കമുള്ള സിപിഎം നേതാക്കള്‍ പ്രതിക്കൂട്ടില്‍ ആവുകയും ചെയ്ത സീതത്തോട് ബാങ്കിനെതിരേ ഡിസിസി സമരം ചെയ്യില്ലെന്ന് വ്യക്തമായി. തണ്ണിത്തോട് ബ്ലോക്ക് കമ്മറ്റി സമരം നയിച്ചാല്‍ മതിയെന്നാണ് പറഞ്ഞിരിക്കുന്നത്. അതിന് നിരത്തിയിരിക്കുന്ന കാരണങ്ങളാകട്ടെ വിചിത്രവും. ജില്ലയില്‍ ഒട്ടാകെ നിരവധി ബാങ്ക് തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്. അവയ്ക്കെതിരേ എല്ലാം ഡിസിസിക്ക് സമരം നടത്താന്‍ കഴിയില്ല. അതിനാല്‍ അതാത് മണ്ഡലം കമ്മറ്റികളെ ഏല്‍പ്പിക്കുന്നുവെന്നാണ് ഡിസിസി നേതൃത്വം അറിയിച്ചിരിക്കുന്നത്.
ഡിസിസിയുടെ ഈ പിന്മാറ്റത്തിന് പിന്നില്‍ കോണ്‍ഗ്രസ് ഭരിച്ചതും ഇപ്പോള്‍ ഭരിക്കുന്നതുമായതും ചില കോണ്‍ഗ്രസ് നേതാക്കളുടെ ഭാര്യമാര്‍ ജോലി ചെയ്യുന്ന സിപിഎം ഭരിക്കുന്ന ബാങ്കുകളിലെ ക്രമക്കേടുകളുമാണെന്ന കാര്യം വ്യക്തമാണ്. അടൂര്‍ ബ്ലോക്ക് കമ്മറ്റിക്ക് കീഴില്‍ പഴകുളം ശിവദാസന്‍ പ്രസിഡന്റായിരുന്നു പഴകുളം സര്‍വിസ് സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. മറ്റൊരു ഡിസിസി സെക്രട്ടറി പ്രസിഡന്റായ ബാങ്കും പ്രതിസന്ധിയിലാണ്. സിപിഎം ഭരിക്കുന്ന പറക്കോട് സഹകരണ ബാങ്കില്‍ ഒരു കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ ജോലി ചെയ്യുന്നു.
പഴകുളം മധു ചൂണ്ടിക്കാണിച്ച കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കുകളില്‍ സിപിഎമ്മുകാരെ നിയമിക്കുന്നുവെന്ന വിഷയവും സീതത്തോട് ബാങ്കിനെതിരായ സമരത്തില്‍ നിന്നുള്ള പിന്മാറ്റവും ഒറ്റക്കാരണം കൊണ്ടാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കുകളിലെ അഴിമതിക്കെതിരേ ഡിവൈഎഫ്ഐ സമരം കടുപ്പിക്കുന്നതാണ് അവരില്‍ ചിലര്‍ക്ക് അവിടെ തന്നെ ജോലി നല്‍കുവാനുള്ള കാരണം. സീതത്തോട് ബാങ്കിനെതിരേ സമരം കടുപ്പിച്ചാല്‍ കോണ്‍ഗ്രസിന്റെ കൈയില്‍ ഇരിക്കുന്ന ബാങ്കുകളിലെ ഭരണ സമിതിയെ ഭരണസ്വാധീനം ഉപയോഗിച്ച് സിപിഎം പിരിച്ചു വിടും. അല്ലെങ്കില്‍ അവിടങ്ങളിലെ ക്രമക്കേടിനെതിരേ അവര്‍ സമരം നടത്തും. ഇക്കാരണം കൊണ്ടു തന്നെ സീതത്തോട് ബാങ്കിനെതിരായ കോണ്‍ഗ്രസ് സമരം അകാല ചരമം അടയുക തന്നെ ചെയ്യും.
അതേ സമയം കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കില്‍ ക്രമക്കേട് നടന്നാല്‍ അതിനെതിരേ സമരം ചെയ്യാന്‍ സിപിഎമ്മും ഡിവൈഎഫ്ഐയും മടികാണിക്കുകയുമില്ല.