പത്തനംതിട്ട:സീതത്തോട് പഞ്ചായത്തിലെ കോട്ടമണ്‍പാറ അടിയാന്‍കാല, നിലയ്ക്കല്‍ പാലത്തടിയാര്‍ എന്നിവിടങ്ങളില്‍ ഇന്നലെ വൈകിട്ട് 5 മണിക്കു ശേഷമാണ് ഉരുള്‍പൊട്ടലുണ്ടായത്. നാശനഷ്ടത്തിന്റെ വ്യാപ്തി ഇന്ന് അറിയാം. സന്ധ്യയായതിനാല്‍ അപകടത്തിന്റെ തീവ്രത വ്യക്തമല്ല. കോട്ടമണ്‍പാറ-ആങ്ങമൂഴി റൂട്ടില്‍ മൂഴിയാര്‍ പൊലീസ് സ്റ്റേഷനു മുന്‍പിലത്തെ കോട്ടമണ്‍പാറ പാലം അപകടാവസ്ഥയിലാണ്. മേലേ കോട്ടമണ്‍പാറയില്‍ മണ്ണിടിഞ്ഞു. കക്കാട്ടാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു.
അടിയാന്‍കാലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കോട്ടമണ്‍പാറ ലക്ഷ്മി ഭവന്‍ സഞ്ജയന്റെ കാറും റബര്‍ റോളര്‍ പുരയും പുകപ്പുരയും ഒലിച്ചുപോയി. കാറിനു സമീപം കിടന്ന ജീപ്പ് കയര്‍ കൊണ്ടു കെട്ടിനിര്‍ത്തിയതിനാല്‍ ഒലിച്ചുപോയില്ല. വീട്ടിലേക്കുള്ള റോഡ് തകര്‍ന്നു. പാലം അപകടാവസ്ഥയിലുമായി. സമീപത്തുള്ള കൃഷിസ്ഥലത്തും നാശം സംഭവിച്ചു. സഞ്ജയന്റെ വീട്ടില്‍ നിന്ന് ഏകദേശം 300 മീറ്റര്‍ അകലെയാണ് രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള വനം. ഇവിടെയാണ് ഉരുള്‍ പൊട്ടിയത്. കക്കാട്ടാറ്റിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അള്ളുങ്കല്‍ ഇഡിസിഎല്‍, കാരിക്കയം അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക് പെരുനാട് പദ്ധതികള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
ഗൂഡ്രിക്കല്‍ റേഞ്ചില്‍ നിലയ്ക്കല്‍ പള്ളിയിലേക്കു പോകുന്ന റൂട്ടില്‍ പാലത്തടിയാര്‍ വനത്തില്‍ ഉരുള്‍പൊട്ടി വന്ന മലവെള്ളപ്പാച്ചിലില്‍ കോട്ടമണ്‍പാറ പാലം അപകടത്തിലായി. പാലത്തിനു മുകളിലൂടെ വെള്ളം കുത്തിയൊലിച്ച് റോഡും കൈവരിയും തകര്‍ന്നു. വെള്ളത്തിനൊപ്പം വലിയ മരങ്ങളും ഒഴുകിയെത്തി. പാലത്തടിയാര്‍ തോടിന്റെ ഇരുവശങ്ങളിലെ കൃഷിയിടങ്ങളും വെള്ളത്തില്‍ മുങ്ങി. സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി.ഈശോ, പഞ്ചായത്ത് അംഗങ്ങളായ പി.ആര്‍.പ്രമോദ്, മനോജ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രതീഷ് കെ.നായര്‍, സിപിഎം ലോക്കല്‍ സെക്രട്ടറി ടി.എ.നിവാസ്, മൂഴിയാര്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്.ബിജുവിന്റെ നേതൃത്വത്തില്‍ ചിറ്റാര്‍, മൂഴിയാര്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍,രാജാമ്പാറ സ്റ്റേഷനിലെ വനപാലകര്‍ തുടങ്ങിയവര്‍ സ്ഥലത്ത് എത്തി.
റാന്നി കുരുമ്പന്‍മൂഴി വനത്തില്‍ പനംകുടന്ത അരുവിയോടു ചേര്‍ന്ന് ഉരുള്‍പൊട്ടലിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ വീടും 3 നടപ്പാലങ്ങളുമാണ് ഒലിച്ചുപോയത്. പമ്പാനദിയില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു. കുരുമ്പന്‍മൂഴി കോസ്വേ മുങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞ് ഇടിയോടുകൂടിയ കനത്ത മഴയാണ് കുരുമ്പന്‍മൂഴി, മണക്കയം, ചാത്തന്‍തറ മേഖലകളില്‍ പെയ്തത്. പിന്നാലെ മലവെള്ളപ്പാച്ചിലും തുടങ്ങി. പനംകുടന്ത അരുവിയിലൂടെ വലിയതോതില്‍ ജലപ്രവാഹം ഉണ്ടായി. അരുവിക്കു താഴെയുള്ള പുരയിടങ്ങളിലൂടെ നാശം വിതച്ചാണ് വെള്ളമൊഴുകിയത്. മണക്കയം കോളനിയിലേക്കുള്ള തൂക്കുപാലം ഒലിച്ചുപോയി. പുന്നൂര്‍പടിയിലെയും പനംകുടന്ത തോട്ടിലെയും നടപ്പാലങ്ങളും ഒലിച്ചുപോയിട്ടുണ്ട്.