
തിരുവനന്തപുരം: വെണ്ണല, തിരുവനന്തപുരം വിദ്വേഷ പ്രസംഗങ്ങളില്‍ കോടതി ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് അറസ്റ്റിലായ പി.സി ജോര്‍ജിനെ തിരുവനന്തപുരത്ത് എ.ആര്‍ ക്യാമ്പിലെത്തിച്ചു. രാത്രി 12.30ഓടെയാണ് പി.സി. ജോര്‍ജിനെ തലസ്ഥാനത്തെത്തിച്ചത്. രാത്രി തന്നെ മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും പിന്നീട് രണ്ടുമണിയോടെ തീരുമാനം മാറ്റുകയായിരുന്നു. രാവിലെ ഏഴുമണിക്കായിരിക്കും മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കുകയെന്ന് പൊലീസ് അറിയിച്ചതായി പി.സി. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു.
നിയമത്തെ ബഹുമാനിക്കുന്നയാളാണ് പി.സി ജോര്‍ജെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. അറസ്റ്റിന് പിന്നില്‍ ഒരു രാഷ്ട്രീയമുണ്ട്. രണ്ടരയോടെ കോടതി ജാമ്യം റദ്ദാക്കി. തുടര്‍ന്ന് ഒരുമണിക്കൂറിനകം പൊലീസ് സ്റ്റേഷനിലെത്തി അദ്ദേഹം കീഴടങ്ങിയെന്ന് ഷോണ്‍ പറഞ്ഞു. വേണമെങ്കില്‍ ബിപി വേരിയേഷന്റെ പേരില്‍ ആശുപത്രിയില്‍ കിടക്കാമായിരുന്നു. എന്നാല്‍ മരുന്ന് കഴിച്ച് നോര്‍മലായതോടെ പോകാമെന്ന് തീരുമാനിച്ചു. വഴിയില്‍ മംഗലപുരത്തിനടുത്ത് വാഹനം ഇടിച്ച് ഒരു ബിജെപി പ്രവര്‍ത്തകന് പരിക്കേറ്റതായും ഷോണ്‍ അറിയിച്ചു.