തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേന്ദ്ര സര്‍ക്കാര്‍ ഭീമമായ തോതില്‍ വര്‍ധിപ്പിച്ച പെട്രോള്‍, ഡീസല്‍ നികുതിയില്‍ ഭാഗികമായ കുറവു വരുത്തിയത് സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നതായി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ധനമന്ത്രി അറിയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ വില കുറച്ചതിന്റെ തുടര്‍ച്ചയായി സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയും കുറയ്ക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
‘കേന്ദ്രസര്‍ക്കാര്‍ ഭീമമായ തോതില്‍ വര്‍ധിപ്പിച്ച പെട്രോള്‍/ഡീസല്‍ നികുതിയില്‍ ഭാഗികമായ കുറവു വരുത്തിയിരിക്കുകയാണ്. ഇതിനെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. ഇതിന്റെ ഭാഗമായി പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയും സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നതാണ്,’ – ബാലഗോപാല്‍ കുറിച്ചു.
നേരത്തെ, കേന്ദ്ര സര്‍ക്കാര്‍ പെട്രോളിനു 10 രൂപയും ഡീസലിന് 8 രൂപയും നികുതി കുറച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും 10 രൂപ വീതം നികുതി കുറയ്ക്കാന്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. മറ്റു സംസ്ഥാനങ്ങളെല്ലാം കേരളത്തേക്കാള്‍ കുറഞ്ഞ നികുതി ഈടാക്കുമ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ കൊള്ള നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. കഴിഞ്ഞ തവണ കേന്ദ്രം നികുതി കുറച്ചപ്പോഴും സംസ്ഥാനം നികുതി കുറച്ചിരുന്നില്ല. നികുതി കുറച്ച് ബസ് – ടാക്‌സി ചാര്‍ജ് കുറയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പെട്രോള്‍ വിലയിലുള്ള എക്‌സൈസ് തീരുവ ലീറ്ററിന് എട്ടു രൂപയും ഡീസല്‍ ലീറ്ററിന് ആറു രൂപയുമാണ് കേന്ദ്രസര്‍ക്കാര്‍ കുറച്ചത്. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ നവംബറിലും കേന്ദ്രസര്‍ക്കാര്‍ ഇന്ധനവിലയിലുള്ള എക്സൈസ് തീരുവ കുറിച്ചിരുന്നു.