തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ ഒതുക്കാനും ഗൂഢാലോചന ആരോപണത്തിനു തെളിവുണ്ടാക്കാനും വിജിലന്‍സ് മേധാവിയായിരുന്ന എഡിജിപി എം.ആര്‍.അജിത് കുമാറും ഇടനിലക്കാരന്‍ ഷാജ് കിരണുമായി ഫോണില്‍ വിളിച്ചത് 19 തവണയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ലൈഫ് മിഷന്‍ കേസിലെ പ്രതി കൂടിയായ സ്വപ്ന സുരേഷിന്റെ സുഹൃത്തും കൂട്ടുപ്രതിയുമായ പി.എസ്.സരിത്തിനെ സ്വപ്നയുടെ വീട്ടില്‍നിന്നു വിജിലന്‍സ് സംഘം കഴിഞ്ഞ ബുധനാഴ്ച പിടിച്ചുകൊണ്ടു പോയതിനു പിന്നാലെയാണ് അന്നു രാവിലെ മുതല്‍ വൈകിട്ടു വരെ ഇത്രയും തവണ ഫോണില്‍ വിളിച്ചത്. ഇതിനു പുറമേ വാട്‌സാപ് സന്ദേശങ്ങളും കൈമാറി.
സ്വപ്നയുടെ വെളിപ്പെടുത്തലിനു തൊട്ടുപിന്നാലെ വിജിലന്‍സ് സരിത്തിനെ കസ്റ്റഡിയിലെടുത്തതും നിയമവിരുദ്ധമായി ഫോണ്‍ പിടിച്ചുവാങ്ങിയതും പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയെന്നാണ് ഇന്റലിജന്‍സ് വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് അജിത്തിനെ ഉടന്‍ വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്നു മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടത്.