സാന്റ ഫെ: യുഎസിലെ ന്യൂ മെക്‌സിക്കോ സംസ്ഥാനത്തെ മരുഭൂമിയില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അലക് ബോള്‍ഡ്വിന്റെ വെടിയേറ്റ് ഛായാഗ്രാഹക ഹല്യാന ഹച്ചിന്‍സ് (42) കൊല്ലപ്പെട്ടു. സംവിധായകന്‍ ജോയല്‍ സൂസ പരുക്കേറ്റു ഗുരുതരാവസ്ഥയിലാണ്. അബദ്ധത്തില്‍ വെടിപൊട്ടിയതാണെന്നാണു വിവരം.
ഒരു ബാലന്‍ അബദ്ധത്തില്‍ നടത്തുന്ന കൊലപാതകം പ്രമേയമാകുന്നതും 19ാം നൂറ്റാണ്ട് പശ്ചാത്തലമാക്കിയുള്ളതുമായ റസ്റ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണു സംഭവം. വെടിയേറ്റ ഹച്ചിന്‍സിനെ ഹെലികോപ്റ്ററില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബോള്‍ഡ്വിന്‍ ഈ ചിത്രത്തിന്റെ സഹനിര്‍മാതാവു കൂടിയാണ്.
തിരയില്ലാത്ത യഥാര്‍ഥ തോക്കാണ് ഉപയോഗിക്കുന്നതെങ്കിലും, കാഞ്ചിവലിച്ചു എന്നു തോന്നിക്കാനായി കുഴലിന്റെ അറ്റത്തു തീപ്പൊരി സൃഷ്ടിക്കാന്‍ വെടിമരുന്നു നിറച്ച്, സുരക്ഷിതമായ അകലം പാലിച്ചാണു വെടിവയ്പു രംഗങ്ങള്‍ ചിത്രീകരിക്കാറുള്ളത്. പക്ഷേ, അടുത്തുനിന്നു കാഞ്ചി വലിച്ചാല്‍ അപകടം സംഭവിക്കാം.
കുങ്ഫു സൂപ്പര്‍ താരം ബ്രൂസ് ലീയുടെ മകന്‍ ബ്രാന്‍ഡന്‍ ലീ 1993ല്‍ ദ് ക്രോ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വെടിയേറ്റു മരിക്കുകയായിരുന്നു. അന്ന്, തിരയില്ലാതെ വെടിമരുന്നു മാത്രം നിറയ്ക്കുമ്പോള്‍, ക്ലോസ്-അപ് രംഗം ചിത്രീകരിക്കാന്‍ വേണ്ടി നേരത്തേ ഉപയോഗിച്ച ഡമ്മി ബുള്ളറ്റ് തോക്കില്‍നിന്നു നീക്കാന്‍ വിട്ടുപോയതാണ് ബ്രാന്‍ഡന്റെ (28) ജീവനെടുത്തത്.