അടൂര്‍: സാര്‍ എന്തുകൊണ്ട് നിങ്ങള്‍ ഇത് അറിഞ്ഞില്ല, ഞങ്ങള്‍ക്ക് ഒരു പുഴുവിന്റെ വിലയെങ്കിലുംതാ. ഏങ്ങലടിച്ച് കരഞ്ഞ് പറയുന്നത് അടൂര്‍ പള്ളിക്കല്‍ പഞ്ചായത്ത് 15-ാം വാര്‍ഡിലെ തെന്നാപ്പറമ്പിലെ അമ്മമാരും കുഞ്ഞുങ്ങളുമാണ്. സ്ഥലം എംഎല്‍എയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാറിനോടായിരുന്നു നാട്ടുകാരുടെ രോഷപ്രകടനം,
വോട്ടു പിടിക്കാന്‍ നേരം കാലു നക്കാനും ജാതിയും മതവും പറയാനും ഒരുളുപ്പും ഇല്ല. ഒരാവശ്യം വന്നാല്‍ കാണാന്‍ ആയിരം നേതാക്കളുടെ ശുപാര്‍ശ കത്ത് വേണം. സര്‍ക്കാര്‍ വാഹനത്തില്‍ പോലീസ് അകമ്പടിയില്‍ ഞെളിഞ്ഞ് പോകുമ്പോള്‍ എങ്ങനെ ഈ പാവങ്ങളുടെ വിഷയത്തില്‍ ഇടപെടാനാ-വീട്ടമ്മമാരുടെ വിലാപം എല്‍എല്‍എയ്ക്ക് മുന്നില്‍ തുടര്‍ന്നു.
മരച്ചീനിതോട്ടത്തില്‍ പന്നി ശല്യത്തിന് മാരകമായ കീടനാശിനി തളിച്ച് അശ്വസ്ഥത പ്രകടിപ്പിച്ച മൂന്ന് കുടുംബങ്ങള്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഏഴു ദിവസം മുമ്പ് ചികിത്സ തേടിയിരുന്നു. ഇവര്‍ തിരികെ വീട്ടിലേക്ക് മടങ്ങിപ്പോക്കാന്‍ കഴിയാതെ ഹെല്‍ത്ത് സെന്ററിലും പഴകുളം പാസിലും കഴിയുകയാണ്.ഈ വിഷയം സ്ഥലം എംഎല്‍എ അറിഞ്ഞില്ല എന്നു പറഞ്ഞതാണ് അമ്മമാരെ രോഷാകുലരാക്കിയത്.
കപ്പത്തോട്ടത്തില്‍ നിന്ന് കാട്ടുപന്നിയെ അകറ്റാന്‍ തളിച്ച കീടനാശിനി കാരണം ഓടേണ്ടി വന്നത് സമീപപ്രദേശത്തുള്ള നാട്ടുകാരാണ്. ഏഴു ദിവസമായി പലായനം തുടരുമ്പോഴും തിരിഞ്ഞു നോക്കാതിരുന്ന സ്ഥലം എംഎല്‍എ കൂടിയായ ചിറ്റയം ഗോപകുമാര്‍ ഒടുവില്‍ പ്രദേശം സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍ പ്രതിഷേധം അണപൊട്ടി. സ്ത്രീകള്‍ അടക്കം പൊട്ടിക്കരഞ്ഞു കൊണ്ട് എംഎല്‍എയ്ക്ക് നേരെ ശബ്ദമുയര്‍ത്തി.
പള്ളിക്കല്‍ പഞ്ചായത്ത് 15-ാം വാര്‍ഡില്‍ പെരിങ്ങനാട് തെന്നാപ്പറമ്പ് പ്രദേശത്താണ് കപ്പത്തോട്ടത്തില്‍ പന്നിശല്യത്തിന് കീടനാശിനി തളിച്ചത്. തൊട്ടടുത്ത് താമസിക്കുന്ന മാവിള കിഴക്കേതില്‍ സജീവ്, രണ്ടു മക്കള്‍, മറ്റ് മൂന്നു കുടുംബങ്ങള്‍, ചെറിയ കുഞ്ഞുങ്ങള്‍ അടക്കം വീട്ടില്‍ കഴിയാന്‍ വയ്യാതെ ഏഴു ദിവസം മുന്‍പ് പെരിങ്ങനാട് ഹെല്‍ത്ത് സെന്ററില്‍ അഭയം തേടിയിരുന്നു. ഹെല്‍ത്ത് സെന്ററിലെ സ്ഥലപരിമിതി മൂലം പിന്നീട് ഇവരെ പഴകുളം പാസിലേക്ക് പഞ്ചായത്ത് ഇടപെട്ട് താമസം ഒരുക്കിയിരുന്നു
.പരിസര പ്രദേശത്തെ കിണറുകളിലെ വെള്ളം പോലും മലിനപ്പെടുകയും ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നു എന്ന പരാതിയെ തുടര്‍ന്ന്
ആര്‍ഡിഓയും കൃഷി ഓഫീസറും വില്ലേജ് ഓഫീസറും, പഞ്ചായത്ത് അധികൃതരും സംഭവസ്ഥലത്ത് എത്തി. കീടനാശിനി മാലിന്യത്തിന്റെ പ്രശ്നം മാറുന്നത് വരെയും അവര്‍ക്ക് വേണ്ട താമസസൗകര്യവും ആരോഗ്യപ്രശ്നം നേരിടുന്നവര്‍ക്കുള്ള ചികിത്സാ സൗകര്യവും ഉറപ്പു വരുത്തി. കീടനാശിനി ഉപയോഗിച്ച് സ്ഥലത്തെ മണ്ണും കൃഷിയിടങ്ങളിലെ ഉല്‍പ്പന്നങ്ങളുടെ സാമ്പിളും എടുത്ത് പരിശോധിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.
ഈ വിവരം അറിഞ്ഞിട്ടും സ്ഥലം എംഎല്‍എ ചിറ്റയം ഗോപകുമാര്‍ എത്തിയില്ലെന്ന് നാട്ടുകാര്‍ക്കിടയില്‍ പരാതി ഉയര്‍ന്നു.
തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനോട് പ്രദേശവാസികള്‍ ശബ്ദമുയര്‍ത്തി സംസാരിച്ചു. ഇവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഡെപ്യൂട്ടി സ്പീക്കര്‍ മടങ്ങി. ബ്ലോക്ക് പഞ്ചായത്ത് അംഗം എപി സന്തോഷ്‌കുമാര്‍, യുഡഎഫ് കണ്‍വീനര്‍ പഴകുളം ശിവദാസന്‍ എന്നിവര്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്കൊപ്പം ഉണ്ടായിരുന്നു.