പത്തനംതിട്ട: ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മൂന്ന് ഓഫീസുകള്‍ പൂട്ടി സീല്‍ ചെയ്തു. പന്തളം, പറക്കോട്, പത്തനംതിട്ട എന്നിവിടങ്ങളിലെ ഓഫീസുകളാണ് പൂട്ടിയത്. പന്തളത്തും പറക്കോട്ടും കൊച്ചിയില്‍ നിന്ന് വന്ന എന്‍.ഐ.എ ഉദ്യോഗസ്ഥരും പത്തനംതിട്ടയിലെ ജില്ലാ ഓഫീസ് എസ്.പിയുടെ നിര്‍ദേശാനുസരണം ലോക്കല്‍ പോലീസുമാണ് നോട്ടീസ് പതിച്ച് സീല്‍ ചെയ്തത്.
തൈക്കാവിലുള്ള ഓഫീസ് ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍, ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് നോട്ടീസ് പതിച്ചതും സീല്‍ ചെയ്തതും.
പറക്കോട്ടെ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മറ്റി ഓഫീസ് കൊച്ചിയില്‍ നിന്നെത്തിയ എന്‍.ഐ.എ ഉദ്യോഗസ്ഥരാണ് പൂട്ടി സീല്‍ വച്ചു. തുടക്കത്തില്‍ അടൂര്‍ ഏരിയാ കമ്മറ്റി ഓഫീസായും പിന്നീട് ജില്ലാ കമ്മറ്റി ഓഫീസുമായി പ്രവര്‍ത്തിച്ച ഓഫീസ് വൈകിട്ട് അഞ്ചുമണിയോടെയാണ് സീല്‍ ചെയ്തത്. നടപടിയുടെ ഭാഗമായി കെട്ടിടം ഉടമയോട് കാര്യങ്ങള്‍ വിശദീകരിച്ചു.
മുറി വില്‍ക്കല്‍, വാടകയ്ക്ക് നല്‍കല്‍ ഉള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട് എന്തു നടപടി സ്വീകരിക്കണമെങ്കിലും എന്‍.ഐ.എ കൊച്ചി ഓഫീസിന്റെ അനുമതി വാങ്ങണമെന്ന് ഉദ്യോഗസ്ഥന്‍ കെട്ടിടം ഉടമയെ അറിയിച്ചു. അടൂര്‍ ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷ്, തഹസീല്‍ദാര്‍ ജി.കെ.പ്രദീപ്, ഉദ്യോഗസ്ഥ സംഘം എന്നിവരുടെ സാന്നിധ്യത്തിലാണ് എന്‍.ഐ.എ നടപടി പൂര്‍ത്തീകരിച്ചത്. വന്‍ പോലീസ് സംഘത്തിന്റെ സുരക്ഷയും ഉണ്ടായിരുന്നു.
പന്തളത്ത് പി.എഫ്.ഐ ഏരിയ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നതായി എന്‍.ഐ.എ. കണ്ടെത്തിയ കുരമ്പാല വില്ലേജിലെ തോന്നല്ലൂര്‍ ഉളമയില്‍ ഭാഗത്തെ കെട്ടിടമാണ് കണ്ടുകെട്ടിയത്.
വൈകിട്ട് മൂന്നരയോടെകൊച്ചിയില്‍ നിന്നും പന്തളം പോലീസ് സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥര്‍ മൂന്നരയോടെയാണ് ഇന്‍സ്പെക്ടര്‍ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ സഹായത്തോടെ ഉളമയിലുള്ള കെട്ടിടത്തിന് സമീപമെത്തിയത്. അടൂര്‍ തഹസീല്‍ദാര്‍ ജി.കെ.പ്രദീപ്, ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഹരീന്ദ്രനാഥ് എന്നിവരുടെ സാന്നിധ്യത്തിലാണ് കെട്ടിടത്തിന്റെ ഭിത്തിയില്‍ നോട്ടീസ് പതിച്ചത്. എന്‍.ഐ.എ.യുടെയോ നിയുക്ത അതോറിറ്റിയുടെയോ മുന്‍കൂര്‍ അനുമതിയല്ലാതെ ഏതെങ്കിലും തരത്തില്‍ കെട്ടിടം പാട്ടത്തിനു കൊടുക്കുക, വില്‍പ്പന നടത്തുക, പണികള്‍ നടത്തുക അടക്കം ഒരു നടപടികളും പാടില്ലെന്ന് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയാണ് നോട്ടീസ് പതിച്ചത്.