ആലപ്പുഴ: പോലീസിനെതിരായ വിമര്‍ശനങ്ങള്‍ അംഗീകരിച്ച് ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിലെ കുഴപ്പക്കാരെ ശ്രദ്ധിക്കുമെന്നും അവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ പോലീസിനെതിരേ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സിപിഐയെ ശത്രുതയോടെ കാണുന്ന സമീപനം പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ചില സ്ഥലങ്ങളിലെങ്കിലും അത്തരത്തില്‍ സിപിഐയുമായി പ്രശ്നമുണ്ടാകുന്ന സാഹചര്യമുണ്ട്. അത് പൂര്‍ണമായും ഒഴിവാക്കി, അവരുമായി സൗഹൃദത്തില്‍ പോകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കുട്ടനാട് എംഎല്‍എയെ നിയന്ത്രിക്കാന്‍ പോകേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടനാട് എംഎല്‍എ ഒട്ടും ജനകീയനായ വ്യക്തയായിരുന്നില്ലെന്നും ഘടക കക്ഷിയുടെ ആള്‍ എന്ന നിലയിലാണ് അദ്ദേഹത്തെ സ്വീകരിച്ചതെന്നും കഴിഞ്ഞ ദിവസത്തെ സമ്മേളന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ജില്ലയില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത അവസാനിപ്പക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.നേതാക്കളെ ചാരിനില്‍ക്കുന്ന പ്രവണത കര്‍ശനമായി അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.