ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായെന്നു വെളിപ്പെടുത്തി പോപ് താരം ബ്രിട്ട്‌നി സ്പിയേഴ്‌സ്. സമൂഹമാധ്യമക്കുറിപ്പിലൂടെയാണ് ദുഃഖവാര്‍ത്ത ഗായിക പങ്കുവച്ചത്. കഴിഞ്ഞ മാസമാണ് തങ്ങള്‍ക്കു കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന സന്തോഷം ബ്രിട്ട്‌നിയും ജീവിതപങ്കാളി സാം അസ്ഖാരിയും ഔദ്യോഗികമായി അറിയിച്ചത്. കുഞ്ഞിനെ നഷ്ടപ്പെട്ടെന്ന വിവരം പങ്കുവച്ച് വേദനയോടെ ബ്രിട്ട്‌നി സമൂഹമാധ്യമത്തില്‍ കുറിച്ചത് ഇങ്ങനെ.
‘ഏതൊരു രക്ഷിതാവിനെയും തകര്‍ത്തുകളയുന്ന സമയമാണിത്. അമ്മയാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത അല്‍പം കൂടി കാത്തിരുന്നതിനു ശേഷം പ്രഖ്യാപിച്ചാല്‍ മതിയായിരുന്നു. അമിത ആവേശം കൊണ്ടാണ് അന്ന് അക്കാര്യം എല്ലാവരെയും അറിയിച്ചത്. മനോഹരമായ കുടുംബം വിപുലീകരിക്കാനുള്ള ശ്രമം ഇനിയും തുടരും. പ്രയാസമേറിയ ഈ സമയത്ത് ഞങ്ങള്‍ക്ക് സ്വകാര്യത നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയാണ്’.
13 വര്‍ഷങ്ങള്‍ നീണ്ട രക്ഷാകര്‍തൃഭരണത്തില്‍ നിന്നും കഴിഞ്ഞ ഒക്ടോബറിലാണ് ബ്രിട്ട്‌നി സ്പിയേഴ്‌സ് മോചനം നേടിയത്. ഇക്കാലമത്രയും പിതാവ് ജാമി സ്പിയേഴ്‌സ് ആയിരുന്നു ഗായികയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്തിരുന്നത്. ബ്രിട്ട്‌നിയുടെ സ്വകാര്യജീവിതത്തിലും ജാമി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഗര്‍ഭം ധരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തുകയും ഇതിനായി മരുന്നുകള്‍ കഴിപ്പിക്കുകയും ചെയ്തു.
രക്ഷാകര്‍തൃഭരണത്തിലെ പീഡനങ്ങള്‍ സഹിക്കാനാകാതെയാണ് ഒടുവില്‍ ബ്രിട്ട്‌നി പിതാവിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഗായികയ്ക്ക് അനുകൂലമായി വിധി വന്നു. സ്വതന്ത്രയാക്കപ്പെട്ടതിനു പിന്നാലെ താന്‍ വിവാഹിതയാവുകയാണെന്നും ഗായിക അറിയിച്ചു. അമ്മയാകാനൊരുങ്ങുന്ന വാര്‍ത്തയും സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ കുഞ്ഞിനെ നഷ്ടപ്പെട്ട ബ്രിട്ട്‌നിയുടെ ദുഃഖത്തില്‍ പങ്കുചേരുകയാണ് ആരാധകവൃന്ദം.