തൃശൂര്‍: ഊട്ടി കൂനൂര്‍ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൈനികന് എ.പ്രദീപിന്റെ പുത്തൂര്‍ പൊന്നൂക്കരയിലെ വീട് മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാത്രിയോടെ വീട്ടിലെത്തിയ അദ്ദേഹം രോഗശയ്യയില്‍ കിടക്കുന്ന പ്രദീപിന്റെ അച്ഛന് രാധാകൃഷ്ണന്, അമ്മ കുമാരി, ഭാര്യ ശ്രീലക്ഷ്മി, മക്കള്‍ എന്നിവരെ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിച്ചു.
പ്രദീപിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. പ്രദീപിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണുന്ന ചിത്രങ്ങളും പങ്കുവച്ചു. ഡിസംബര്‍ 8ന് കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേരാണു മരിച്ചത്.അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്.