ദുബായ്: എംഎല്‍എ ആയിരുന്ന പി.ടി.തോമസ് തങ്ങള്‍ക്കൊപ്പം ഷാര്‍ജയിലൂടെ കാര്‍ തള്ളിയ സംഭവം ഓര്‍ക്കുകയാണ് ദുബായില്‍ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനും മാവേലിക്കര സ്വദേശിയുമായ റോജിന്‍ പൈനുംമൂട്. ലാളിത്യവും തെളിമയാര്‍ന്ന സംസാരവും നിലപാടുകളും കൊണ്ട് പി.ടി തോമസ് എല്ലാവരുടെയും സ്‌നേഹം പിടിച്ചുപറ്റിയതായും അദ്ദേഹം ഓര്‍ക്കുന്നു.
2002ല്‍ ജനുവരിയില്‍ ഒരു വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഷാര്‍ജ റോളയിലുള്ള സീലാന്‍ഡ് ഹോട്ടലില്‍ അഖില കേരള ബാലജനസഖ്യം എക്‌സ് ലീഡേഴ്‌സ് ഫോറം യുഎഇ ചാപ്റ്റര്‍ നല്‍കിയ സ്വീകരണത്തില്‍ മുഖ്യാതിഥിയായിരുന്നു അന്ന് തൊടുപുഴ എംഎല്‍എ ആയിരുന്ന പി.ടി തോമസ്. യോഗസ്ഥലത്തേക്ക് അദ്ദേഹം ചില കൂട്ടുകാര്‍ക്കൊപ്പമാണ് എത്തിയത്. തിരികെ അദ്ദേഹത്തെ കൊണ്ടു വിടാമെന്ന് റോജിനും ബന്ധുവായ പോള്‍ പൂവത്തേരിയും സമ്മതിച്ചിരുന്നു. പി.ടി തോമസിനെ ഇഷ്ടപ്പെട്ടിരുന്ന കുറേപ്പേരും ചടങ്ങിന് എത്തിയിരുന്നു. യോഗമെല്ലാം കഴിഞ്ഞ് ഏറെ വൈകി രാത്രി 11.45നു ശേഷമാണ് ഇറങ്ങിയത്.
ഇപ്പോഴത്തെ ആലപ്പുഴ ഡിസിസി അംഗം ജി.മോഹന്‍ദാസും ഉണ്ടായിരുന്നു. എന്നാല്‍ പോളിന്റെ കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ നോക്കിയപ്പോള്‍ നിരാശയായിരുന്നു ഫലം. രണ്ടു മൂന്നു തവണ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. തുടര്‍ന്നാണ് തള്ളി സ്റ്റാര്‍ട്ടാക്കാമെന്ന് തീരുമാനിച്ചത്. പി.ടി തോമസ് തന്നെ കാര്‍ തള്ളാന്‍ ഒരു വശത്ത് നിന്നു. അദ്ദേഹത്തെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യാതൊരു മടിയുമില്ലാതെ അദ്ദേഹം തങ്ങള്‍ക്കൊപ്പം കുറച്ചു ദൂരം കാര്‍ തള്ളിയതായി റോജിന്‍ പറഞ്ഞു. കാറില്‍ തങ്ങള്‍ക്കൊപ്പം യാത്ര ചെയ്ത അദ്ദേഹം സമൂഹത്തിലെ ഏറെ ഗൗരവമുള്ള വിഷയങ്ങളെക്കുറിച്ചും തന്റെ പച്ചയായ വീക്ഷണങ്ങള്‍ പങ്കുവച്ചു. 2018 ഡിസംബറില്‍ അദ്ദേഹം വീണ്ടും സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ 2002 ലെ ചടങ്ങിന്റെ ചിത്രം പത്രത്തില്‍ അച്ചടിച്ചുവന്നത് അദ്ദേഹത്തെ കാണിച്ചതും റോജിന്‍ ഓര്‍ക്കുന്നു.