കൊച്ചി: അന്തരിച്ച പി.ടി തോമസ് എം.എല്‍.എയ്ക്ക് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി. പി.ടിയുടെ ആഗ്രഹപ്രകാരം രവിപുരം ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍. ആയിരക്കണക്കിന് ജനങ്ങള്‍ അദ്ദേഹത്തിന് യാത്രാമൊഴിയേകാന്‍ തൃക്കാക്കരയില്‍ എത്തിയിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടിരുന്നതുപോലെ മത ചടങ്ങുകള്‍ ഒഴിവാക്കി, ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം..’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അന്ത്യയാത്ര.
തൃക്കാക്കരയില്‍ റോഡിന്റെ ഇരുവശവും വികാര നിര്‍ഭരരായി നില്ക്കുന്ന പ്രവര്‍ത്തകര്‍ക്കിടയില്‍ കൂടിയായിരുന്നു വിലാപ യാത്ര കടന്നു പോയത്.സംസ്കാര ചടങ്ങുകള്‍ വൈകിട്ട് അഞ്ച് മണിക്ക് നടക്കുമെന്നായിരുന്നു നേതാക്കള്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ തങ്ങളുടെ നേതാവിനെ ഒരു നോക്ക് കാണാന്‍ ആളുകള്‍ കൂടിയതോടെ സംസ്കാര ചടങ്ങുകള്‍ അല്‍പ്പം വൈകുകയായിരുന്നു.
പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറോടെ പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെയായിരുന്നു ചടങ്ങുകള്‍. അതിന് ശേഷം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം പോലെ മറ്റു ചടങ്ങുകളും നടന്നു. റീത്തുകള്‍ വെക്കരുത്, പൊതുദര്‍ശനത്തിനു വെക്കുമ്പോള്‍ ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം…’ എന്ന ഗാനം പശ്ചാത്തലത്തില്‍ വേണം, രവിപുരം പൊതുശ്മശാനത്തില്‍ ദഹിപ്പിക്കണം, ചിതാഭസ്മത്തില്‍ ഒരുഭാഗം അമ്മയുടെ കല്ലറയില്‍ സമര്‍പ്പിക്കണം, കണ്ണുകള്‍ ദാനം ചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹം നേരത്തെ തന്നെ തന്റെ അന്ത്യാഭിലാഷമായി അറിയിച്ചിരുന്നു. ചന്ദ്രകളഭം പാട്ടിന്റെ അകമ്പടിയോടെയായിരുന്നു മൃതദേഹം ശ്മശാനത്തിലെത്തിച്ചത്.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ എം. ബി. രാജേഷ് മന്ത്രിമാരായ പി.രാജീവ്, കെ. രാജന്, റോഷി അഗസ്റ്റിന് തുടങ്ങിയവരും പി.ടിയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.
ആയിരങ്ങളാണ് പി.ടിയെ അവസാനമായൊന്ന് കാണാന്‍ രവിപുരം ശ്മശാനത്തിവും പരിസരത്തും തടിച്ചുകൂടിയത്. ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസും വലിയ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെല്ലാം ഇന്നലെ മുതല്‍ തന്നെ കൊച്ചിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. പുലര്‍ച്ചെ 2.45 ഓടെ ഇടുക്കിയിലെത്തിച്ച മൃതദേഹം ഉപ്പുതോട്ടത്തിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരുന്നു എറണാകുളത്ത് എത്തിച്ചത്.