‘ചണ്ഡിഗഡ് ട്രെയിലര്‍ മാത്രം, പഞ്ചാബ് ആണ് സിനിമ’ എന്ന് നിറഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ആംആദ്മി പാര്‍ട്ടിയുടെ വക്താവ് രാഘവ് ഛദ്ദ പറഞ്ഞു. ആദ്യ മത്സരത്തില്‍ തന്നെ ഒന്നാമതെത്തിയതിനാല്‍ പാര്‍ട്ടിക്ക് അവകാശവാദം ധൈര്യമായി ഉന്നയിക്കാം. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പാണ്. തലസ്ഥാനം പിടിച്ചെടുത്ത പാര്‍ട്ടി പ്രതിപക്ഷസ്ഥാനത്തു നിന്ന് ഭരണാധികാരത്തിലേക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കുമ്പോള്‍ ആര്‍ക്കും കുറ്റപ്പെടുത്താനാവില്ല.
ചണ്ഡിഗഡ് കോര്‍പറേഷനിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷി ആയി എന്നു മാത്രമല്ല ബിജെപിയുടെ മേയര്‍ രവികാന്ത് ശര്‍മയും മുന്‍ മേയര്‍ ദാവേഷ് മോദ്ഗിലും ആംആദ്മി സ്ഥാനാര്‍ഥികള്‍ക്കു മുന്നില്‍ ദയനീയമായി തോല്‍ക്കുകയും ചെയ്തു. രവികാന്തിനെ ആംആദ്മിയുടെ ധമന്‍പ്രീത് സിങ് 828 വോട്ടിനും മോദ്ഗിലിനെ ജസ്ബീര്‍ സിങ് 939 വോട്ടിനുമാണ് തോല്‍പിച്ചത്. ചണ്ഡിഗഡ് കോര്‍പറേഷനിലെ 35 സീറ്റുകളില്‍ 14 എണ്ണമാണ് ആംആദ്മി പാര്‍ട്ടി നേടിയത്. ബിജെപി 12, കോണ്‍ഗ്രസ്- 8, അകാലിദള്‍ -1. ഭരണം കരസ്ഥമാക്കാന്‍ കഴിയുമോ എന്ന് വരും ദിവസങ്ങളില്‍ അറിയാം.
ഇതേവരെ ആകെ 26 സീറ്റുകളായിരുന്നു കോര്‍പറേഷനില്‍ ഉണ്ടായിരുന്നത്. ഇത്തവണ സമീപസ്ഥലങ്ങളും കൂടി കൂട്ടിച്ചേര്‍ത്ത് 35 സീറ്റുകളാക്കി. കഴിഞ്ഞ തവണ 20 സീറ്റ് ബിജെപിയും 1 സീറ്റ് അകാലിദളും നേടി വന്‍വിജയത്തോടെയാണ് ഭരണം നടത്തിയിരുന്നത്. ഇതേവരെ ബിജെപി- അകാലി സഖ്യവും കോണ്‍ഗ്രസും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായിരുന്നു. ആദ്യമായി ആംആദ്മിയും ഇടയ്ക്കു കയറി, ഇരുപാര്‍ട്ടികളെയും പരിഭ്രാന്തരാക്കിക്കൊണ്ട്. സത്യസന്ധമായ രാഷ്ട്രീയത്തെ ജനം സ്വീകരിച്ചു, അഴിമതിക്കാരെ പുറത്താക്കി- അരവിന്ദ് കേജ്രിവാള്‍ ഈ വിജയത്തെ കണ്ടത് ഇങ്ങനെയാണ്.