ന്യൂഡല്‍ഹി: വിലക്കയറ്റത്തില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ‘ഭാരത് അരി’ ബ്രാന്‍ഡുമായി കേന്ദ്രസര്‍ക്കാര്‍. കിലോഗ്രാമിന് 29 രൂപ നിരക്കില്‍ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. അടുത്തയാഴ്ച വിപണിയിലെത്തിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര പറഞ്ഞു. ആദ്യഘട്ടത്തില്‍ ചില്ലറവിപണി വില്‍പ്പനയ്ക്കായി അഞ്ചുലക്ഷം ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചത്. നാഫെഡ്, നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്, കേന്ദ്രീയ ഭണ്ഡാര്‍ തുടങ്ങിയ സംവിധാനങ്ങളിലൂടെയാകും അരി പൊതുവിപണിയിലേക്കെത്തുക. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും അരി ലഭ്യമാക്കും.