തിരുവനന്തപുരം: സംസ്ഥാനത്തെ റെസ്റ്റ് ഹൗസുകള്‍ പ്രഫഷനല്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നു ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇതിനായി റെസ്റ്റ് ഹൗസ് ജീവനക്കാര്‍ക്കു കൃത്യമായ ഇടവേളകളില്‍ പരിശീലനം നല്‍കും. ആവശ്യമായിടത്തു കൂടുതല്‍ ജീവനക്കാരെ നിയമിക്കും. ശുചിത്വം ഉള്‍പ്പെടെ ഉറപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കും.
റെസ്റ്റ് ഹൗസുകളെ ഏറ്റവും മികച്ച ഹോസ്പിറ്റാലിറ്റി ശൃംഖല ആക്കി മാറ്റുകയാണു ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. റെസ്റ്റ് ഹൗസ് ജീവനക്കാര്‍ക്കുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. റെസ്റ്റ് ഹൗസുകള്‍ നവീകരിക്കാനുള്ള പദ്ധതി സമയബന്ധിതമായി നടപ്പിലാക്കും. കൂടുതല്‍ റെസ്റ്റ് ഹൗസുകളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കും. റെസ്റ്റ് ഹൗസുകളില്‍ കേന്ദ്രീകൃത സിസിടിവി സംവിധാനം നടപ്പാക്കും.
എല്ലാ റെസ്റ്റ് ഹൗസുകളെയും ബന്ധിപ്പിച്ച് തിരുവനന്തപുരത്തുനിന്നും നിരീക്ഷിക്കാന്‍ പറ്റുന്ന സംവിധാനവും നിലവില്‍ വരും. നിയമസഭാ മണ്ഡലങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തി വിലയിരുത്താന്‍ രൂപീകരിച്ച കോണ്‍സ്റ്റിറ്റിയൂന്‍സി മോണിറ്ററിങ് ടീമിലെ ഉദ്യോഗസ്ഥരും കൃത്യമായ ഇടവേളകളില്‍ റെസ്റ്റ് ഹൗസുകളില്‍ എത്തി വിലയിരുത്തും. കെട്ടിട വിഭാഗവും പ്രത്യേക ഇന്‍സ്‌പെക്ഷന്‍ ടീമുകളെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.
റെസ്റ്റ് ഹൗസുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്കു മാറ്റിയതോടെ മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ഡിസംബര്‍ 31 വരെയുള്ള കണക്ക് അനുസരിച്ച് 65,34,301 രൂപ റെസ്റ്റ് ഹൗസുകളിലെ വരുമാനമായി ലഭിച്ചു. ഇതില്‍ 52,57,368 രൂപയും ലഭിച്ചത് ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെയാണ്. 8,378 ആളുകള്‍ രണ്ടു മാസത്തിനകം ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ചുവെന്നും മന്ത്രി പറഞ്ഞു.