ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്രകാരം ഇന്ന് ഇഡിയുടെ ചോദ്യംചെയ്യല്‍ ഒഴിവാക്കി. നാളെ വീണ്ടും ചോദ്യം ചെയ്യും. ഇന്നലെയും 10 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. 3 ദിവസമായി മൊത്തം 30 മണിക്കൂറിലേറെ. നാഷനല്‍ ഹെറള്‍ഡുമായി യങ് ഇന്ത്യ ലിമിറ്റഡ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയ വേളയില്‍ താന്‍ അതിന്റെ ഡയറക്ടര്‍ പദവിയിലില്ലായിരുന്നുവെന്ന് രാഹുല്‍ ചോദ്യം ചെയ്യലില്‍ അറിയിച്ചു. ഇടപാട് നടന്ന് 3 മാസത്തിനു ശേഷമാണു ഡയറക്ടറായത്.
നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍, ‘നിങ്ങള്‍ക്ക് ആവശ്യമുള്ള ഉത്തരങ്ങള്‍ എന്റെ വായില്‍നിന്നു വീഴില്ല’ എന്നു പറഞ്ഞ് രാഹുല്‍ നേരിട്ടു. നാഷനല്‍ ഹെറള്‍ഡ് കോണ്‍ഗ്രസിന്റെ മുഖപത്രമാണ്. അതിന്റെ കടം വീട്ടാന്‍ കോണ്‍ഗ്രസ് പണം നല്‍കിയതില്‍ എന്താണു തെറ്റ്? ബിജെപിയും ഇത്തരത്തില്‍ തങ്ങളുടെ പത്രത്തിനു പണം നല്‍കിയിട്ടില്ലേയെന്നും അതെക്കുറിച്ച് അന്വേഷിക്കുന്നില്ലേയെന്നും രാഹുല്‍ ചോദിച്ചു.
താന്‍ പറയുന്നതെല്ലാം രേഖപ്പെടുത്തണമെന്നും അതില്‍ ഉദ്യോഗസ്ഥന്‍ ഒപ്പിടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഇഡി റിക്കോര്‍ഡ് ചെയ്ത ഓരോ ഉത്തരവും പൂര്‍ണമായി കേട്ട ശേഷമാണ് അടുത്ത ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയത്. ചോദ്യം ചെയ്യല്‍ നീണ്ടുപോകുന്നതിന്റെ കാരണവും ഇതാണെന്നാണു സൂചന. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ മുഴുവന്‍ കാണണമെന്ന നിലപാടിലാണ് ഇഡി. ഏതാനും രേഖകള്‍ കൈമാറിയ രാഹുല്‍, ബാക്കിയുള്ളവ ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കാമെന്ന് അറിയിച്ചു.