രാഹുലിന്റെ ഓഫിസ് ആക്രമിച്ചത് എഡിജിപി അന്വേഷിക്കും

0 second read
0
0

കല്‍പ്പറ്റ: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസിലേക്കു നടന്ന എസ്എഫ്‌ഐ മാര്‍ച്ചും തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളും സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. പൊലീസ് ആസ്ഥാനത്തെ എഡിജിപിക്കാണ് അന്വേഷണ ചുമതല. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

സംഭവ സ്ഥലത്ത് ചുമതലയില്‍ ഉണ്ടായിരുന്ന കല്‍പ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കല്‍പ്പറ്റ ഡിവൈഎസ്പിയുടെ ചുമതല മറ്റൊരു ഓഫിസര്‍ക്ക് കൈമാറാന്‍ സംസ്ഥാന പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കല്‍പ്പറ്റ കൈനാട്ടിയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തിലും അക്രമത്തിലും കലാശിച്ചത്. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിശബ്ദത വെടിയണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ എംപി ഓഫിസിലേക്ക് ഇരച്ചുകയറിയത്. ഇവര്‍ കസേരകള്‍ തല്ലിത്തകര്‍ക്കുകയും ഓഫിസ് ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

സംഭവം വിവാദമായതിനു പിന്നാലെ എസ്എഫ്‌ഐ നടപടിയെ തള്ളി സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി ആക്രമണത്തെ അപലപിക്കുകയും ചെയ്തു. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും എസ്എഫ്‌ഐ ആക്രമണത്തെ അപലപിച്ചു.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…