പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പി.സരിനെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം തീരുമാനിച്ചതായി സൂചന. സംസ്ഥാന നേതൃത്വം വ്യാഴാഴ്ച പ്രഖ്യാപനം നടത്തിയേക്കും. സരിനെ സ്ഥാനാര്‍ഥിയാക്കുന്നതിനോട് അനുകൂല നിലപാടാണ് സിപിഎം ജില്ലാ നേതൃത്വം സ്വീകരിച്ചത്. കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറി മുതലെടുക്കാനാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം.
പത്തനംതിട്ട ജില്ലക്കാരനായ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. സീറ്റ് നിഷേധിച്ചതിനെതിരെ സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പരസ്യമായി പ്രതികരിച്ചു. രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തിയ സിപിഎം, സരിന്‍ പാര്‍ട്ടിവിട്ടു വന്നാല്‍ സ്വീകരിക്കാമെന്ന നിലപാടിലെത്തി
ജില്ലാ നേതൃത്വം ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. സംസ്ഥാന നേതൃത്വം വിശദമായ ചര്‍ച്ച നടത്തിയശേഷം തീരുമാനം പ്രഖ്യാപിക്കും. സിപിഎം പിന്തുണയോടെ ഇടതു സ്വതന്ത്രനായി സരിന്‍ മത്സരിക്കുമെന്നാണു റിപ്പോര്‍ട്ട്. സരിന്‍ സമ്മതം അറിയിച്ചെന്നാണു വിവരം. ഇതോടെ രാഹുലും സരിനും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനാകും പാലക്കാട് സാക്ഷ്യം വഹിക്കുക. സരിന്‍ സ്ഥാനാര്‍ഥിയാകുന്നതു കോണ്‍ഗ്രസിനു ക്ഷീണമാകുമെന്നാണു എല്‍ഡിഎഫിന്റെ വിലയിരുത്തല്‍.