കല്‍പറ്റ: പതിവു തെറ്റിക്കാതെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് കലണ്ടര്‍ എത്തിച്ച് രാഹുല്‍ ഗാന്ധി എംപി. ‘നമ്മുടെ നാട്, നമ്മുടെ വിള’ എന്ന ആശയത്തില്‍ പുറത്തിറക്കിയിരിക്കുന്ന കലണ്ടറില്‍, വയനാടിന്റെ കാര്‍ഷിക വിളകളെയാണ് പരിചയപ്പെടുത്തുന്നത്. കഴിഞ്ഞ തവണ വയനാട് മണ്ഡലത്തിലെ 12 ശ്രദ്ധേയ വ്യക്തിത്വങ്ങളെയും അവരുടെ പ്രത്യേകതകളും വിവരിച്ചായിരുന്നു കലണ്ടര്‍.
ഓരോ മാസവും ഓരോ വിളകളെ പരിചയപ്പെടുത്തുന്ന രീതിയിലാണ് കലണ്ടറിലെ താളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒരോ വിളയിലും വയനാടന്‍ ജനതയുടെ സ്വത്വവും ചരിത്രവും രേഖപ്പെടുത്തിയിരിക്കുന്നുവെന്നും, ഈ കലണ്ടറിലെ വിളകളുടെ ചിത്രങ്ങള്‍ വയനാടന്‍ ജനതയ്ക്കുള്ള സമര്‍പ്പണമാണെന്നും കലണ്ടറിന്റെ ഒന്നാം പേജില്‍ രാഹുല്‍ ഗാന്ധി കുറിച്ചിട്ടുണ്ട്.
ജനുവരി മാസത്തില്‍ വാഴപ്പഴമാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. എത്ര ഹെക്ടര്‍ ഭൂമിയില്‍ കൃഷി ചെയ്യുന്നു, എത്ര കര്‍ഷകര്‍ കൃഷിചെയ്യുന്നു, ആകെയുള്ള ഉല്‍പാദനത്തിന്റെ അളവ്, എത്രയിനങ്ങള്‍ കൃഷി ചെയ്യുന്നു എന്നിങ്ങനെ വാഴയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തുടര്‍ന്ന് വിവിധ മാസങ്ങളിലായി യഥാക്രമം ഇഞ്ചി, ജാതി, കാപ്പി, കുരുമുളക്, കൊക്കോ, മഞ്ഞള്‍, നെല്ല്, ഏലം, ഗ്രാമ്പു, നാളികേരം, കാട്ടുതേന്‍ എന്നിങ്ങനെ വിവിധ വിളകളെയും പരിചയപ്പെടുത്തിയിരിക്കുന്നു. വയനാടിന്റെ വിളകളെ കേരളത്തിനു പുറത്ത് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മലയാളത്തിനു പുറമേ ഇംഗ്ലിഷിലും കലണ്ടര്‍ പുറത്തിറക്കിയിട്ടുണ്ട്.