ന്യൂഡല്‍ഹി: ട്വിറ്റര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദത്തെ തുടര്‍ന്ന് തന്റെ അക്കൗണ്ട് ഫോളോ ചെയ്യുന്നവരുടെ എണ്ണം ട്വിറ്റര്‍ പരിമിതപ്പെടുത്തിയതായി രാഹുല്‍ ആരോപിച്ചു. ഇന്ത്യ എന്ന ആശയത്തെ നശിപ്പിക്കുന്നതിനുള്ള കരുവായി ട്വിറ്റര്‍ മാറരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ട്വിറ്റര്‍ സിഇഒ പരാഗ് അഗവര്‍വാളിന് ഡിസംബര്‍ 27ന് എഴുതിയ കത്തിലാണ് രാഹുല്‍ ഗാന്ധി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതില്‍ അറിയാതെയെങ്കിലും ട്വിറ്റര്‍ കൂട്ടുനില്‍ക്കുകയാണെന്ന് രാഹുല്‍ കത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളുമായി താരതമ്യപ്പെടുത്തിയുള്ള വിശകലനം ഉള്‍പ്പെടെയാണ് രാഹുലിന്റെ കത്ത്.
20 ദശലക്ഷത്തിലധികം ആക്ടീവ് ഫോളോവര്‍മാരാണ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടിനുള്ളത്. കഴിഞ്ഞ വര്‍ഷം ജൂലായ് വരെ ഓരോ ദിവസവും 8000 മുതല്‍ 10000 പേര്‍ വരെ പുതുതായി രാഹുലിനെ ട്വിറ്ററില്‍ ഫോളോ ചെയ്തിരുന്നു. എന്നാല്‍ ഓഗസ്റ്റ് മുതല്‍ പുതുതായി ട്വിറ്ററില്‍ തന്നെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ശരാശരി പൂജ്യത്തിലേക്ക് കൂപ്പുകുത്തിയതായി രാഹുല്‍ ആരോപിക്കുന്നു.
2021 ഓഗസ്റ്റില്‍ രാഹുലിന്റെ ട്വിറ്റര്‍ അക്കൗണ്ട് എട്ട് ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനുശേഷമാണ് പുതുതായി ഫോളോ ചെയ്യുന്ന ആള്‍ക്കാരുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയത്.
അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതിനുള്ള കേന്ദ്ര നീക്കത്തിന് ട്വിറ്റര്‍ കൂട്ടുനില്‍ക്കരുതെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടിയാണ് താന്‍ കത്തെഴുന്നതെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം രാഹുലിന്റെ ആരോപണങ്ങളെല്ലാം ട്വിറ്റര്‍ നിഷേധിച്ചു തങ്ങളുടെ നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നവരുടെ അക്കൗണ്ടുകള്‍ നീക്കാറുണ്ടെന്നും അതിനാലാണ് ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നതെന്നും ട്വിറ്റര്‍ അവകാശപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാറില്ലെന്നും ട്വിറ്റര്‍ വക്താവ് അറിയിച്ചു.