ന്യൂഡല്‍ഹി: നാഷനല്‍ ഹെറള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ചോദ്യംചെയ്യല്‍ ബിജെപിക്കെതിരായ രാഷ്ട്രീയ ആയുധമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന ഈ മാസം 13നു ഡല്‍ഹിയിലെത്താന്‍ പാര്‍ട്ടി എംപിമാര്‍ക്കു കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിര്‍ദേശം നല്‍കി.
ചോദ്യംചെയ്യലിനായി പാര്‍ട്ടി ആസ്ഥാനത്തുനിന്ന് ഇഡി ഓഫിസിലേക്കു നടന്നുപോകാനാണു രാഹുലിന്റെ തീരുമാനം. രാഹുലിനൊപ്പം എംപിമാരും പാര്‍ട്ടി നേതാക്കളും അണിനിരക്കും. ഇഡി നടപടി ഉയര്‍ത്തിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും രാഷ്ട്രീയമായി നേരിടാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. സത്യവും പ്രതികാര രാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമായി വിഷയത്തെ ചിത്രീകരിക്കുമെന്നു പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ബിജെപിക്കെതിരായ രാഷ്ട്രീയ പോരാട്ടത്തിന്റെ മുന്‍നിരയിലേക്കു രാഹുലിനെ പ്രതിഷ്ഠിക്കാനുള്ള അവസരമായും കോണ്‍ഗ്രസ് ഇതിനെ കാണുന്നു.
ഇഡി നടപടിക്കെതിരായ പ്രതിഷേധത്തിനു രൂപം നല്‍കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാര്‍, പിസിസി പ്രസിഡന്റുമാര്‍ എന്നിവര്‍ ഇന്ന് ഓണ്‍ലൈന്‍ യോഗം ചേരും. കോവിഡ് ബാധിച്ച സോണിയ ഗാന്ധി ചോദ്യംചെയ്യലിനു ഹാജരാവാന്‍ ഇഡിയോട് മൂന്നാഴ്ചത്തെ സാവകാശം തേടി.